ആതിരയുടെ ചികിത്സയ്ക്കായി പി ജെ ആർമി കൂട്ടായ്മ മുക്കാൽ ലക്ഷം രൂപ നൽകി

സി പി എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി ഓഫീസിൽ  ഉദുമ എംഎൽഎ കെ കുഞ്ഞിരാമന് ഫണ്ട് കൈമാറി.

കാഞ്ഞങ്ങാട്: മാരകമായ അസുഖത്തെ  തുടർന്നു  ചികിത്സയിൽ കഴിയുന്ന ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂരിലെ ആതിരയുടെ ചികിത്സക്കായി കാഞ്ഞങ്ങാട് പ്രവർത്തിക്കുന്ന പി ജെ ആർമി വാട്സാപ്പ് കൂട്ടായ്മ മുക്കാൽ ലക്ഷം രൂപ നൽകി. സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ  ഉദുമ എംഎൽഏ കെ കുഞ്ഞിരാമന് കൂട്ടായ്മയിലെ പ്രവർത്തകർ ഫണ്ട് കൈമാറി.. കഴിഞ്ഞ ഒരു വർഷക്കാലമായി  വിവിധ സാമൂഹ്യ സാംസ്കാരിക സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്ന കാഞ്ഞങ്ങാട്ടെ  യുവാക്കളുടെ  കൂട്ടായ്മയാണ് പി ജെ ആർമി.

ബേഡടുക്കത്തെ അശോകൻ ജയശ്രീ ദമ്പതികളുടെ രണ്ടു പെൺമക്കളിൽ മൂത്തവൾ ആണ് ആതിര. ചെറുപ്പം മുതലേ പഠനത്തിലും കലാപരമായും പൊതു രംഗങ്ങളിലും മികവ് പുലർത്തിയിരുന്ന വിദ്യാർത്ഥിനിയായിരുന്നു ആതിര. തന്റെ നൃത്തച്ചുവടുകൾ കൊണ്ട് കാണികളെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ആതിര നടത്തിയിരുന്നത്. അതിനിടയിലാണ് കുടുംബത്തിനെയും നാടിനെയും ദുഃഖത്തിലാക്കി ആതിരയ്ക്ക്  മാരകരോഗം പിടിപെടുന്നത്. 20 വയസ്സിന് താഴെ പ്രായമുള്ള വർക്കും അത്യപൂർവ്വമായി  കാണപ്പെടാറുള്ള ബോൺ ട്യൂമർ ആണ് പെൺകുട്ടിക്ക് ബാധിച്ചത്. തുടർ ചികിത്സക്കായി ലക്ഷക്കണക്കിന് രൂപ  ചിലവ് വരുന്ന ആതിരയുടെ കുടുംബത്തെ സഹായിക്കുന്നതിനായി ഉദുമ എംഎൽഏ കെ കുഞ്ഞിരാമൻ മുഖ്യ രക്ഷാധികാരിയായുള്ള ചികിത്സാസഹായ കമ്മിറ്റിയിലേക്കാണ്  പി ജെ ആർമി പ്രവർത്തകർ ഫണ്ട് നൽകിയത്. പ്രവർത്തകരായ സജിത്ത് അജാനൂർ, രാഹുല് അജാനൂർ, മണി സരിഗ എന്നിവർ ചേർന്ന് തുക കെ കുഞ്ഞിരാമൻ എം എൽഏക്ക് നൽകി.

LatestDaily

Read Previous

റഫിയാത്ത് ചിത്രകാരിയും ഫാബ്രിക് പെയിന്ററും

Read Next

വാക്കുതർക്കം: പോലീസ് ഉദ്യോഗസ്ഥൻ വീട്ടമ്മയെ മർദ്ദിച്ചു