ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൽപറ്റ: വയനാട് അമ്പലവയലിൽ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ എ.എസ്.ഐ ടി.ജി ബാബുവിനെതിരെ സംസ്ഥാന
എസ്.സി/എസ്.ടി കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ കമ്മീഷൻ വയനാട് ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. തെളിവെടുപ്പിനിടെ എ.എസ്.ഐ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പതിനേഴുകാരിയുടെ പരാതിയിൽ ബാബുവിനെ സസ്പെൻഡ് ചെയ്തിരുന്നു. പോക്സോയ്ക്ക് പുറമെ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരവും എ.എസ്.ഐക്കെതിരെ കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ മാസം 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട യുവാക്കൾ ഊട്ടി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ തെളിവെടുപ്പിനായി കൊണ്ടുപോയിരുന്നു. എസ്.ഐ സോബിനും വനിതാ ഉദ്യോഗസ്ഥയും എ.എസ്.ഐ ബാബുവിനൊപ്പം ഉണ്ടായിരുന്നു. ലോഡ്ജിൽ തെളിവെടുപ്പ് കഴിഞ്ഞ് മടങ്ങവെയാണ് എ.എസ്.ഐ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു.
എസ്.ഐ സോബിനും സി.പി.ഒ പ്രജിഷയും സ്ഥലത്തുനിന്ന് മാറിയതിനു പിന്നാലെ എ.എസ്.ഐ പെൺകുട്ടിയുടെ കയ്യിൽ കയറിപ്പിടിക്കുകയും മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുകയായിരുന്നു. തുടർന്ന് എ.എസ്.ഐക്കെതിരെ പെൺകുട്ടി സി.ഡബ്ല്യു.സി മുഖേന പൊലീസിൽ പരാതി നൽകി. പിന്നീട് എസ്.പി ഇടപെട്ട് സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തി. പരാതിയിൽ കഴമ്പുണ്ടെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ സസ്പെൻഡ് ചെയ്തത്. നേരിട്ട് പങ്കില്ലെങ്കിലും കൃത്യവിലോപത്തിന് തെളിവെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് രണ്ട് പൊലീസുകാർക്കെതിരെയും നടപടിയുണ്ടാകും.