വിവാഹ ശേഷം വീട്ടുജോലി ചെയ്യാന്‍ പറയുന്നത് ഗാര്‍ഹിക പീഡനമല്ല; മുംബൈ ഹൈക്കോടതി

മുംബൈ: വിവാഹത്തിന് ശേഷം വീട്ടുജോലികൾ ചെയ്യാൻ താൽപര്യമില്ലെങ്കിൽ വിവാഹത്തിന് മുമ്പ് ഇക്കാര്യം വ്യക്തമാക്കണമെന്ന് മുംബൈെ ഹൈക്കോടതി. വിവാഹത്തിന് ശേഷം വീട്ടുജോലി ചെയ്യാൻ പറയുന്നത് ഗാർഹിക പീഡനമായി കാണാനാവില്ലെന്ന് മുംബൈെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് പറഞ്ഞു. വിവാഹത്തിന് ശേഷം വീട്ടുജോലി ചെയ്യാൻ ആവശ്യപ്പെടുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 492 എ പ്രകാരം കുറ്റമായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു. ഗാർഹിക പീഡനം, വധശ്രമം തുടങ്ങിയ പരാതികളുമായി വിവാഹിതയായ ഒരു സ്ത്രീ നന്ദേത് പൊലീസ് സ്റ്റേഷനിൽ നൽകിയ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.

വിവാഹിതയായ ഒരു സ്ത്രീയോട് അവളുടെ കുടുംബത്തിനുവേണ്ടിയാണ് വീട്ടുജോലി ചെയ്യാൻ ആവശ്യപ്പെടുന്നത്. ഇതിനെ ഒരു വേലക്കാരിയെപ്പോലെ പരിഗണിക്കുന്നെന്ന് കാണാൻ കഴിയില്ല. വീട്ടുജോലി ചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ, വിവാഹത്തിന് മുമ്പ് അത് വരനോടും ബന്ധുക്കളോടും വിശദീകരിക്കണം. ബന്ധവുമായി മുന്നോട്ട് പോകണോ എന്ന് തീരുമാനിക്കാൻ അത് സഹായിക്കും. പാത്രങ്ങൾ കഴുകാനും തുണി കഴുകാനും തുടയ്ക്കാനും ഭർതൃവീട്ടിൽ വേലക്കാരി ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും യുവതിയുടെ പരാതിയിൽ കോടതി നിരീക്ഷിച്ചു.

ജസ്റ്റിസുമാരായ വിഭ വി കങ്കൺവാഡി, രാജേഷ് എസ് പാട്ടീൽ എന്നിവരടങ്ങിയ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. 2019 ഡിസംബറിൽ വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ തന്നെ ഭർതൃവീട്ടിലുള്ളവർ തന്നോട് വേലക്കാരിയെപ്പോലെ പെരുമാറിയെന്നും വാഹനം വാങ്ങാൻ 4 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും യുവതി നന്ദേത് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. അച്ഛന്‍റെ കയ്യിൽ പണമില്ലാത്തതിനാൽ ഭർത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ആൺകുഞ്ഞിന് ജന്മം നൽകാൻ കഴിയുമോ എന്നറിയാൻ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി, ഗർഭകാലം കഴിഞ്ഞിട്ടില്ലെന്ന് ഡോക്ടർ പറഞ്ഞതിനെ തുടർന്ന് ഭർതൃമാതാവും സഹോദരിയും ചേർന്ന് മർദ്ദിച്ചുവെന്നും, നാല് ലക്ഷം രൂപ നൽകിയാൽ മാത്രമേ ഭർത്താവിനൊപ്പം ജീവിക്കാൻ അനുവദിക്കൂ എന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു.

K editor

Read Previous

രാജ്യത്തിന് വേണ്ടി നിരവധി കാര്യങ്ങൾ ചെയ്തു; മോദി രാജ്യസ്നേഹിയെന്ന് വ്ളാദിമിർ പുടിൻ

Read Next

വീട്ടമ്മയുടെ മാല മോഷ്ടിച്ച സംഘത്തെ പിടികൂടുന്നതിനിടെ പൊലീസുകാരനെ പാമ്പ് കടിച്ചു