നോട്ട് ബുക്കുകളും, ഫോണും കണ്ടെടുത്തു; അശ്വിതയുടെ പോസ്റ്റ് മോർട്ടം ഇന്ന്

കാഞ്ഞങ്ങാട്  : നാട്ടുകാരെ നടുക്കിയ പന്ത്രണ്ടുകാരി അശ്വിതയുടെ ആത്മഹത്യയിൽ പോലീസ് അന്വേഷണം ശക്തമാക്കി.

പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ബേക്കൽ കാട്രമൂലയിലെ വീട്ടു മുറിയിൽ നിന്നും പോലീസ് പെൺ കുട്ടി ഉപയോഗിക്കുന്ന സെൽഫോണും, കുട്ടിയുടേതെന്ന് കരുതുന്ന നോട്ട് ബുക്കുകളും  കണ്ടെടുത്തു.

സെൽഫോൺ ലോക്ക് ചെയ്ത നിലയിലാണ്. സഹോദരന്റെ സഹായത്തോടെ നാളെ ഫോൺ തുറന്ന് പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ബേക്കൽ എസ്. ഐ, പി. അജിത്ത്കുമാർ വ്യക്തമാക്കി.

ചെറു പ്രായത്തിൽ കുട്ടി ജീവിതം അവസാനിപ്പിക്കാനിടയാക്കിയ കാരണം തേടിയുള്ള അന്വേഷണത്തിലാണ് പോലീസ്. കസ്റ്റഡിയിലെടുത്ത നോട്ട് ബുക്കുകളിൽ നിന്നും, സെൽഫോണിൽ നിന്നും തെളിവുകൾ  ലഭിക്കുമെന്ന പ്രതീക്ഷ അന്വേഷണ സംഘത്തിനുണ്ട്.

പെൺകുട്ടിയുടെ 14– വയസ്സുകാരനായ സഹോദരനിൽ നിന്നും മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. 9ാം– ക്ലാസ്സുകാരനായ  സഹോദരനും, അശ്വിതയ്ക്കും പഠനാവശ്യത്തിന്  മാസങ്ങൾക്ക് മുൻപ് രക്ഷിതാക്കൾ ഒരു സെൽഫോൺ വാങ്ങി കൊടുത്തിരുന്നു. ഈ ഒരു ഫോണിലൂടെയാണ്  ഇരുവരുടെയും പഠനം .

മുറിക്കകത്ത് അശ്വിത ജീവിതം അവസാനിപ്പിക്കുമ്പോൾ ശ്രീശങ്കരാചാര്യ കോളേജിലെ ജീവനക്കാരിയായ മാതാവ് ആശ ജോലികഴിഞ്ഞെത്തി വീടിന് പുറത്ത് ജോലിയിലും, തൊട്ടടുത്ത് ഉമ്മറത്തു തന്നെ സഹോദരൻ പഠനത്തിലുമായിരുന്നു. ഈ സമയം മറ്റാരും വീട്ടിലെത്തിയിട്ടില്ലെന്ന് പോലീസ് ഉറപ്പാക്കിയിട്ടുണ്ട്.

ഫാനിന്റെ ഹുക്കിൽ  കയർ കുരുക്കാൻ കഴിയാത്തതിനാൽ, സ്റ്റൂൾ വെച്ച ശേഷം മരക്കൊമ്പ് ഉപയോഗിച്ച്  ഫാനിന്റെ ഹുക്കിൽ കോർത്ത ശേഷം കഴുത്തിൽ കുരുക്കുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ അശ്വിത മരിച്ചിട്ടുണ്ടാകാമെന്നാണ് പ്രാഥമിക വിവരം . ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ പോലീസ് നിഗമനവും ഇതു തന്നെ .

മൃതദേഹത്തിൽ ഒരിടത്തും  പരിക്കുകളോ, മുറിവ്, ചതവുകളോ കണ്ടെത്താനായില്ല കഴുത്തിൽ കയർ മുറുകി ശ്വാസം മുട്ടിയാണ് മരണമെന്ന് ഉറപ്പിക്കുമ്പോഴും, പന്ത്രണ്ടുകാരി  എന്ത് കാരണത്താൽ സ്വയം കെട്ടിത്തൂങ്ങി മരിച്ചുവെന്ന ചോദ്യം അവശേഷിക്കുന്നു.

സാങ്കേതിക കാരണങ്ങളാൽ ഇന്നലെ പോസ്റ്റ് മോർട്ടം ചെയ്യാൻ സാധിക്കാതിരുന്ന മൃതദേഹം ഇന്ന് പരിയാരം കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് വിധേയമാക്കും. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ മരണത്തിന് മറ്റ് കാരണങ്ങൾ ഉണ്ടെങ്കിൽ അത് വ്യക്തമാകും.

LatestDaily

Read Previous

അശ്വിതയുടെ ആത്മഹത്യയിൽ നാടും വീടും മരവിച്

Read Next

മധുരശബ്‍ദം ഇനി ഓർമ്മ