വിദ്യാർത്ഥിനിയുടെ മരണം പോലീസ് കേസെടുത്തു

നീലേശ്വരം: ബിരുദ വിദ്യാർത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ നീലേശ്വരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കിനാനൂർ-കരിന്തളം കൊല്ലമ്പാറ പയ്യംകുളത്താണ് വിദ്യാർത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചത്. ഒരാഴ്ച മുമ്പാണ് പയ്യങ്കുളത്തെ ഭാസ്ക്കരൻ-തങ്കമണി ദമ്പതികളുടെ മകൾ അശ്വതിക്ക് അടുപ്പിൽ നിന്നും തീപ്പടർന്ന് പൊള്ളലേറ്റത്. ചായയ്ക്ക് പലഹാരമുണ്ടാക്കാൻ അടുപ്പിൽ തീകത്തിക്കുന്നതിനിടെ അബദ്ധത്തിൽ ദേഹത്ത് തീപ്പിടിച്ചാണ് പൊള്ളലേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ  ചികിത്സയിലിരുന്ന അശ്വതി ഇന്നലെ പുലർച്ചെയാണ് മരിച്ചത്.

മൃതദേഹം നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. പെൺകുട്ടിയുടേത് അപകട മരണമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തീപ്പൊള്ളലേറ്റ് മരിച്ച അശ്വതിയുടെ മൃതദേഹം ഇന്നലെ രാത്രി 9 മണിയോടെ തന്നെ സംസ്ക്കരിച്ചിരുന്നു. മകളെ അവസാനമായി ഒരു നോക്ക് കാണാൻ പിതാവ് ഭാസ്ക്കരൻ വിദേശത്തു നിന്നും  നാട്ടിലെത്തിയിരുന്നെങ്കിലും സാധിച്ചില്ല. ഇന്ന് പുലർച്ചെയാണ് ഭാസ്ക്കരൻ ഗൾഫിൽ നിന്നും തിരിച്ചെത്തി ജില്ലാതിർത്തിയായ കാലിക്കടവിലെത്തിയത്.കാലിക്കടവിൽ നിന്നു തന്നെ അദ്ദേഹത്തെ ആരോഗ്യ വകുപ്പിന്റെയും, പോലീസിന്റെയും സഹായത്തോടെ നേരെ കരിന്തളം ഗവൺമെന്റ് കോളേജിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റി.

LatestDaily

Read Previous

ഇസ്മയിൽ മാനസിക രോഗിയല്ല

Read Next

കെട്ടിടത്തിൽ നിന്ന് വീണ കോൺഗ്രസ് നേതാവ് മരിച്ചു