ആര്യാടന്‍റെ വിയോഗം കോണ്‍ഗ്രസിനും മതേതര കേരളത്തിനും കനത്ത നഷ്ടമെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം: മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്‍റെ നിര്യാണം കോൺഗ്രസിനും മതേതര കേരളത്തിനും കനത്ത നഷ്ടമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മലബാറിലെ കോൺഗ്രസിന്‍റെ അതികായനും കറകളഞ്ഞ മതേതരവാദിയുമായിരുന്നു ആര്യാടൻ. അദ്ദേഹം മികച്ച ഭരണാധികാരി, രാഷ്ട്രീയ തന്ത്രഞ്ജന്‍, ട്രേഡ് യൂണിയന്‍ നേതാവ് എന്നീ നിലകളിൽ തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ശക്തമായ നിലപാടുകളിലൂടെയാണ് അദ്ദേഹം സ്വയം അടയാളപ്പെടുത്തിയതെന്നും ഉമ്മൻചാണ്ടി അനുസ്മരിച്ചു.

2004-ലെ യു.ഡി.എഫ് സർക്കാരിൽ വൈദ്യുതി മന്ത്രിയായിരിക്കെ മലയോര, ആദിവാസി കോളനികൾക്ക് വൈദ്യുതി ലഭ്യമാക്കുന്നതിൽ അദ്ദേഹം നടത്തിയ പ്രവർത്തനം ശ്രദ്ധേയമായിരുന്നു. മലബാറിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാനും അദ്ദേഹം മുൻകൈയെടുത്തു.  ശക്തമായ നിലപാടുകളുമായി സ്വയം അടയാളപ്പെടുത്തിയ നേതാവായിരുന്നു ആര്യാടനെന്ന് ഉമ്മൻചാണ്ടി അനുസ്മരിച്ചു.

ഇന്ന് രാവിലെയാണ് ആര്യാടൻ മുഹമ്മദ് അന്തരിച്ചത്. അദ്ദേഹത്തിന് 87 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവും കേരള നിയമസഭയിലെ മുൻ വൈദ്യുതി, ഗതാഗത മന്ത്രിയുമായിരുന്നു ആര്യാടൻ മുഹമ്മദ്. വിവിധ ട്രേഡ് യൂണിയനുകളിൽ നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. . 1935 മെയ് 15ന് മലപ്പുറം നിലമ്പൂരിൽ ആര്യാടൻ ഉണ്ണീന്‍റെയും കദിയുമ്മയുടേയും ഒൻപത് മക്കളിൽ രണ്ടാമനായാണ് ആര്യാടൻ മുഹമ്മദ് ജനിച്ചത്.

K editor

Read Previous

ആര്യാടൻ മുഹമ്മദ് ശ്രദ്ധേയനായ നിയമസഭാ സാമാജികൻ; അനുശോചിച്ച് മുഖ്യമന്ത്രി

Read Next

സ്വന്തമായി ആപ്പ് നിർമിച്ച് 8 വയസുള്ള മലയാളി മിടുക്കി; പ്രശംസിച്ച് ആപ്പിൾ സിഇഒ