ഉദുമ എംഎൽഏയുടെ വീടിന് സമീപം കൃത്രിമക്കാൽ കണ്ടെത്തി

ഉദുമ : ഉദുമ എംഎൽഏ, കെ. കുഞ്ഞിരാമന്റെ വീടിന് മുന്നിൽ പൊയ്ക്കാൽ രൂപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. എംഎൽഏയുടെ പള്ളിക്കര ആലക്കോട്ടെ വീട്ടിലേക്കുള്ള വഴിയിൽ ഇന്ന് രാവിലെയാണ് പൊയ്ക്കാൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കല്ല്യോട്ട് കൃപേഷ്– ശരത് ലാൽ ചരമ വാർഷിക ദിനത്തിൽ കെ. കുഞ്ഞിരാമൻ എംഎൽഏയ്ക്കെതിരെ കൊലവിളി മുദ്രാവാക്യമുയർന്നിരുന്നു.

എംഎൽഏയെ തീർത്തുകളയുമെന്നായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മുദ്രാവാക്യം. ഈ സംഭവത്തിൽ എംഎൽഏ മുഖ്യമന്ത്രിക്കും, ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് എംഎൽഏയുടെ വീടിന് സമീപം ഇന്ന് രാവിലെ പൊയ്ക്കാൽ കണ്ടെത്തിയത്. കട്ടിയുള്ള പ്ലാസ്റ്റിക്കിൽ നിർമ്മിച്ചതെന്ന് കരുതുന്ന പൊയ്ക്കാൽ പുറമെ നിന്നുള്ളവർ എംഎൽഏയുടെ വീടിന് സമീപം കൊണ്ടുവന്നിട്ടതായാണ് സംശയിക്കുന്നു.

തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് മനഃപൂർവ്വം സംഘർഷമുണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കൃത്രിമക്കാലിൽ മാതൃക എംഎൽഏയുടെ വീടിന് മുന്നിൽ ഉപേക്ഷിച്ചതെന്ന് സംശയിക്കുന്നു. സഥലത്ത് ബൈക്കിന്റെ ടയറുകളുടെ പാടുകൾ പതിഞ്ഞിട്ടുണ്ട്. കൃത്രിമക്കാൽ ബേക്കൽ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എംഎൽഏയ്ക്കെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കിയവർക്കെതിരെ ബേക്കൽ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതിന്റെ പ്രതികാരമാണ് പൊയ്ക്കാൽ സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു.

LatestDaily

Read Previous

വിദ്യാർത്ഥി ഉപകരണമല്ല

Read Next

ഇടതു നേതൃ യോഗം വിളിക്കണം മന്ത്രി ചന്ദ്രശേഖരൻ പങ്കെടുക്കണം മടിക്കൈ നിവാസികൾ