അറസ്റ്റ് നിയമ വിരുദ്ധം; ചന്ദ കൊച്ചാറിനും ദീപക് കൊച്ചാറിനും വായ്പാ തട്ടിപ്പ് കേസിൽ ജാമ്യം

മുംബൈ: ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദ കൊച്ചാറിനും ഭർത്താവ് ദീപക് കൊച്ചാറിനും വായ്പാ തട്ടിപ്പ് കേസിൽ ജാമ്യം. ഇരുവരുടെയും അറസ്റ്റ് നിയമപരമല്ലെന്ന് ബോംബെ ഹൈക്കോടതി വിധിച്ചു. ചന്ദ കൊച്ചാർ ബാങ്കിന്‍റെ മേധാവിയായിരുന്നപ്പോൾ വീഡിയോകോൺ ഗ്രൂപ്പിന് 3,250 കോടി രൂപയുടെ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് ഡിസംബർ 23നാണ് ഇരുവരെയും സിബിഐ അറസ്റ്റ് ചെയ്തത്.

എന്നാൽ അഴിമതി നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധമാണെന്ന ഇരുവരുടെയും വാദം ബോംബെ ഹൈക്കോടതി അംഗീകരിച്ചു. അന്വേഷണം നടത്താൻ നിയമത്തിലെ സെക്ഷൻ 17 എ പ്രകാരമുള്ള അനുമതി നിർബന്ധമാണെന്നും അത് സിബിഐക്ക് ലഭിച്ചിട്ടില്ലെന്നും ചന്ദ കൊച്ചാറും ദീപക് കൊച്ചാറും കോടതിയെ അറിയിച്ചു. വീഡിയോകോൺ ഗ്രൂപ്പ് സിഇഒ വേണുഗോപാൽ ധൂത്, ദീപക് കൊച്ചാറിന്‍റെ നിയന്ത്രണത്തിലുള്ള ന്യൂപവർ റിന്യൂവബിൾസ് (എൻആർഎൽ), സുപ്രീം എനർജി, വീഡിയോകോൺ ഇന്‍റർനാഷണൽ ഇലക്ട്രോണിക്സ് ലിമിറ്റഡ്, വീഡിയോകോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

വീഡിയോകോൺ ഗ്രൂപ്പിന് 2012 ൽ 3,250 കോടി രൂപ വായ്പ അനുവദിക്കാൻ ചന്ദ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ കേസ്. ഭർത്താവ് ദീപക് കൊച്ചാറിനും കുടുംബാംഗങ്ങൾക്കും ഇടപാടിൽ നിന്ന് പ്രയോജനം ലഭിച്ചുവെന്നാണ് ആരോപണം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള 20 ബാങ്കുകളുടെ കൺസോർഷ്യം വീഡിയോകോണിന് നൽകിയ 40,000 കോടി രൂപയുടെ ഭാഗമായാണ് ഈ വായ്പയും നൽകിയത്. ആരോപണത്തെ തുടർന്ന് 2018 ഒക്ടോബറിൽ ചന്ദ ബാങ്കിന്‍റെ സിഇഒ സ്ഥാനം രാജിവച്ചിരുന്നു.

K editor

Read Previous

ഡൽഹി-പട്ന ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി; രണ്ട് യാത്രക്കാരെ അറസ്റ്റ് ചെയ്തു

Read Next

5ജി സേവനങ്ങൾക്ക് തുടക്കം കുറിക്കാൻ ബിഎസ്എൻഎൽ