‘ഇത്തരം രാഷ്ട്രീയത്തിൽ നിങ്ങൾക്ക് ലജ്ജയില്ലേ?’

ന്യൂഡൽഹി: ക്രിമിനലുകൾക്ക് ബി.ജെ.പി നൽകുന്ന പിന്തുണ സ്ത്രീകളോടുള്ള പാർട്ടിയുടെ മനോഭാവത്തെയാണ് കാണിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇത്തരം രാഷ്ട്രീയത്തിൽ ലജ്ജയില്ലേയെന്ന് അദ്ദേഹം ചോദിച്ചു. ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ച പശ്ചാത്തലത്തിലാണ് രാഹുലിന്‍റെ ചോദ്യം.

ഉത്തർപ്രദേശിലെ ഉന്നാവോ, ഹത്രാസ് കേസുകളും ജമ്മു കശ്മീരിലെ കത്വ കേസും പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഉന്നാവോ കേസിൽ ബിജെപി എംഎൽഎയെ സംരക്ഷിക്കാൻ ശ്രമിച്ചു. കത്വ കേസിലെ പ്രതികൾക്ക് അനുകൂലമായി റാലി നടത്തി. ഹത്രാസ് കേസിലെ പ്രതികൾക്ക് അനുകൂലമാണ് സർക്കാർ. ഗുജറാത്തിൽ പ്രതികളെ മോചിപ്പിക്കുകയും ആദരിക്കുകയും ചെയ്തു. ക്രിമിനലുകളെ പിന്തുണയ്ക്കുന്നത് സ്ത്രീകളോടുള്ള ബി.ജെ.പിയുടെ മനോഭാവത്തെയാണ് കാണിക്കുന്നത്. പ്രധാനമന്ത്രി ജീ, ഇത്തരം രാഷ്ട്രീയത്തിൽ നിങ്ങൾ ലജ്ജിക്കുന്നില്ലേ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.

ബിൽക്കിസ് ബാനു എന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്ന് വയസുള്ള മകൻ ഉൾപ്പെടെ ഏഴ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ഗുജറാത്ത് സർക്കാർ തിങ്കളാഴ്ച മോചിപ്പിച്ചിരുന്നു. 15 വർഷം ജയിലിൽ കഴിഞ്ഞ പ്രതികളുടെ ഹർജി പരിഗണിച്ചാണ് ഇവർക്ക് മാപ്പ് നൽകി വിട്ടയച്ചത്.

K editor

Read Previous

അഗസ്ത്യനെത്തുന്നു ; പ്രതീക്ഷയോടെ അറബ് നാട്

Read Next

മിഡില്‍ ഈസ്റ്റിലെ 71 ശതമാനം നിക്ഷേപങ്ങളും എത്തുന്നത് ഖത്തറിൽ