കോട്ടച്ചേരി മേൽപ്പാലം : റെയിൽവേ സുരക്ഷാ കമ്മീഷൻ അനുമതിയായി

കാഞ്ഞങ്ങാട്: കോട്ടച്ചേരി റെയിൽവേ മേൽപ്പാലത്തിന്റെ സുപ്രധാന ഭാഗമായ റെയിൽപാളത്തിന് മുകളിൽ ഗർഡർ സ്ഥാപിക്കുന്ന പ്രവൃത്തി നടത്താൻ റെയിൽവേ സുരക്ഷാ കമ്മീഷൻ അനുമതിയായി. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സുരക്ഷ കമ്മീഷന്റെ അനുമതിക്കായി നേരത്തെ നൽകിയ അപേക്ഷ സുരക്ഷ കമ്മീഷൻ തള്ളിയതിനെത്തുടർന്ന് രണ്ടാഴ്ച്ച മുമ്പ് നൽകിയ പുതുക്കിയ അപേക്ഷ പരിഗണിച്ചാണ് ഇപ്പോൾ സുരക്ഷ കമ്മീഷൻ അനുമതി ലഭ്യമായത്. എന്നാൽ, ജില്ലാ കലക്ടറുടെ അനുമതി ലഭ്യമായാൽ ഗർഡർ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി തുടങ്ങാൻ കഴിയും.

എറണാകുളത്തെ റെയിൽവേ കരാറുകാരൻ വർഗ്ഗീസിനാണ് ഗർഡറുകൾ സ്ഥാപിക്കുന്നതിന്റെ നിർമ്മാണച്ചുമതല. തൃശ്ശിനാപള്ളിയിലെ റെയിൽവേ ഫാക്ടറിയിൽ പണിപൂർത്തിയാക്കിയ ഗർഡറുകൾ കൂറ്റൻ ട്രെയിലറുകളിൽ കാഞ്ഞങ്ങാട്ടെത്തിച്ച് നട്ടും,ബോൾക്കും ഘടിപ്പിക്കുന്ന പണി പൂർത്തിയാക്കുന്നതിനിടയിലാണ് കോവിഡ് മഹാമാരിയെത്തുടർന്നുള്ള  ലോക്ക്ഡൗണും നിയന്ത്രണങ്ങളും വന്നത്. ഇതേത്തുടർന്ന് നിർത്തിവെച്ച പണി പുനരാരംഭിച്ചപ്പോൾ സുരക്ഷ കമ്മീഷൻ അനുമതിക്കായുള്ള കടമ്പകടക്കേണ്ടി വന്നു. മാസങ്ങളായി കാത്തിരിക്കുന്ന സുരക്ഷാ കമ്മീഷൻ അനുമതിയാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. ജില്ലാകലക്ടറുടെ അനുമതി ലഭ്യമായാൽ ഉടൻ പണി തുടങ്ങുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഭൂമി ഏറ്റെടുക്കുന്നതിനുൾപ്പെടെ മുപ്പത്തെട്ട് കോടി രൂപ ചെലവിൽ പണിയുന്ന മേൽപ്പാലത്തിന്റെ തൊണ്ണൂറ് ശതമാനം പണി ഇതിനകം പൂർത്തിയായിട്ടുണ്ട്. സമീപന റോഡുകളുടെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. ഗർഡറുകൾ സ്ഥാപിക്കുന്ന മുറക്ക് സമീപന റോഡുകളുടെ ടാറിംഗ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ പൂർത്തിയാവും.  ഗർഡറുകൾ സ്ഥാപിക്കുന്ന പണി തീർക്കാൻ ചുരുങ്ങിയത് രണ്ടു മാസം  വേണ്ടി വരുമെന്നാണ് ബന്ധപ്പെട്ട റെയിൽവേ പൊതുമരാമത്തധികൃതർ പറയുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പെ പാലം ഉദ്ഘാടനം നടത്താനുള്ള ലക്ഷ്യത്തോടെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കാനുള്ള  പരിശ്രമങ്ങൾ നടന്നുവെങ്കിലും, ഗർഡറുകൾ സ്ഥാപിക്കാനുള്ള സുരക്ഷാ കമ്മീഷൻ അനുമതിക്കുള്ള കാത്തിരിപ്പിന് ഇപ്പോൾ വിരാമമായിരിക്കുന്നു. 2018-ഏപ്രിൽ മാസത്തിൽ പ്രവൃത്തി ഉദ്ഘാടനം നടന്നപ്പോൾ രണ്ട് വർഷത്തിനകം പണി തീർക്കാമെന്ന പ്രതീക്ഷയാണുണ്ടായത്. സാങ്കേതിക കുരുക്കുകൾ എല്ലാം അഴിഞ്ഞ സ്ഥിതിക്ക്  എത്രയും വേഗം ഗർഡറുകൾ സ്ഥാപിക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ്  ഇപ്പോൾ നടക്കുന്നത്. ഒരു ജനതയുടെ കാത്തിരിപ്പിന് പര്യവസാനമായി കോട്ടച്ചേരി മേൽപ്പാലം യാഥാർത്ഥ്യമാവാൻ ഇനി കാലതാമസമുണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

LatestDaily

Read Previous

ഐഎസ്ബന്ധം: ഇർഷാദിന്റെ നീക്കങ്ങൾ നാട്ടുകാർ അറിഞ്ഞില്ല

Read Next

ബൈക്കിലെത്തിയവർ വീട്ടമ്മയുടെ മാല കവർന്നു