കണ്ണൂര്‍ വിസി നിയമനം; മുഖ്യമന്ത്രിക്കെതിരായ ജ്യോതികുമാര്‍ ചാമക്കാലയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: കണ്ണൂർ വി സി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനത്തിൽ മുഖ്യമന്ത്രി സമ്മർദ്ദം ചെലുത്തിയെന്ന ഗവർണറുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് ഹർജി നൽകിയത്.

ആരോപണമല്ലാതെ മറ്റെന്തെങ്കിലും തെളിവുകൾ ഹാജരാക്കാൻ കഴിയുമോയെന്ന് കോടതി നേരത്തെ പരാതിക്കാരനോട് ചോദിച്ചിരുന്നു. ഹൈക്കോടതി പോലും തള്ളിയ പരാതിയുടെ പ്രസക്തി എന്താണെന്നായിരുന്നു സർക്കാരിന്റെ നിലപാട്. വി സി നിയമനത്തിൽ മുഖ്യമന്ത്രി അനധികൃതമായി ഇടപെട്ടിട്ടില്ലെന്നാണ് സർക്കാർ നിലപാട്.

കഴിഞ്ഞ തവണ വിജിലൻസ് കോടതിയിൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിക്കെതിരായ ഹർജി കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണോയെന്നും വിജിലൻസ് കോടതി പരാതിക്കാരനോട് ചോദിച്ചിരുന്നു. പ്രോസിക്യൂഷൻ അനുമതി തേടി ഹർജിക്കാരൻ ഗവർണർക്ക് കത്തും നൽകിയിട്ടുണ്ട്.

Read Previous

ഇടുക്കിയിലെ സിപിഎം സമരം നേതാക്കളെ സംരക്ഷിക്കാനെന്ന് വി ഡി സതീശന്‍

Read Next

എല്‍ദോസ് കുന്നപ്പിള്ളിൽ ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും; തെളിവെടുപ്പ് നടത്തും