ആൻമരിയ വധം സഹോദരനെ പോലീസ് കസ്റ്റഡിയിൽ വാങ്ങും

യുവതികളായ സുഹൃത്തുക്കൾ  നിരീക്ഷണത്തിൽ

കാഞ്ഞങ്ങാട്   : ബളാൽ അരിങ്കല്ലിലെ ഒാലിക്കൽ ബെന്നിയുടെ മകൾ ആൻമരിയയെ 16 ഐസ്ക്രീമിൽ വീര്യം കൂടിയ എലിവിഷം കലർത്തി  കൊലപ്പെടുത്തിയ കേസിൽ റിമാന്റിൽ കഴിയുന്ന സഹോദരനായ  പ്രതി ആൽബിൻബെന്നി 24, യെ ജയിലിൽ നിന്നും പോലീസ് കസ്റ്റഡിയിൽ  വാങ്ങും.

പ്രതിയുടെ കേസ് ഡയറി ഫയൽ വിശദമായ പരിശോധിച്ച ശേഷം ആൽബിൻ ബെന്നിയെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ കോടതിയെ സമീപിക്കുമെന്ന് കേസന്വേഷണ സംഘം സൂചന നൽകി.

ആൽബിനെ കൊലനടന്ന അരിങ്കല്ല് ഒാലിക്കലിലെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ കൊലക്കുപയോഗിച്ച പേസ്റ്റ് രൂപത്തിലുളള  വിഷത്തിന്റെ അവശേഷിക്കുന്ന ഭാഗം അടുപ്പിലിട്ട് കത്തിച്ച നിലയിലും മറ്റൊരു കുപ്പി എലി വിഷം പ്രതിയുടെ കിടപ്പ് മുറിയിലും  കണ്ടെത്തി. കേസിൽ കൂടുതൽ പ്രതികളുണ്ടാകുമോയെന്നത് സംബന്ധിച്ചിപ്പോൾ പറയാനാവില്ലെന്ന് വെളിപ്പെടുത്തിയ അന്വഷണ സംഘം, അതിനുളള സാധ്യത തളളിക്കളഞ്ഞില്ല.

ആൽബിന്റെ സെൽഫോൺ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കും സെൽഫോണിൽ നിന്നും കൊലസംബന്ധിച്ച് കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

ആഗസ്റ്റ് 5 നായിരുന്നു ആൻമരിയക്ക് ഐസ്ക്രീമിൽ വിഷം കലർത്തി നൽകിയത്. വിഷം കലർന്ന ഐസ്ക്രീം കഴിച്ച  പിതാവ് ബെന്നിയിപ്പോഴും പയ്യന്നൂർ ആശുപത്രിയിൽ ഗുരുതരമായവസ്ഥയിൽ തുടരുകയാണ്. ആൽബിന്റെ  സുഹൃത്തുക്കളിപ്പോൾ പോലീസിന്റെ  നിരീക്ഷണത്തിലാണുളളത്.

സമപ്രായക്കാരായ നിരവധി ആൺ–പെൺ സുഹൃത്തുക്കൾ ആൽബിനുണ്ട് .ഇവരിൽ ആർക്കെങ്കിലും ആൻമരിയ വധക്കേസിൽ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കുണ്ടോയെന്ന് പരിശോധിച്ച് വരികയാണ് അ ന്വേഷണ സംഘം കോഴിക്കോട്  സ്വദേശിയായ യുവതിയുമായി പ്രതിക്ക് അടുത്ത  ബന്ധമുളളതായി സൂചനയുണ്ട്.

സൈബർസെല്ലിന്റെ സഹായം കേസിൽ വഴിത്തിരിവാകുമെന്നാണ് കരുതുന്നത്.സോഷ്യൽ  മീഡിയ വഴിയാണ് കോഴിക്കോട്ടെ യുവതിയുമായി ആൽബിൻ പരിചയപ്പെട്ടത്  യുവതിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും അന്വേഷണ സംഘത്തിന് ആലോചനയുണ്ട്.

LatestDaily

Read Previous

മഞ്ചേശ്വരം പീഡനം :2 പേർ പിടിയിൽ

Read Next

ജാള്യം മറയ്ക്കാന്‍ കെ. മാധവന്‍റെ ആത്മകഥ മറയാക്കരുത്; അജയകുമാര്‍ കോടോത്ത്