അഞ്ജനയുടെ മരണത്തിൽ ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് ഗോവ പോലീസ്

Anjana Harish

കാഞ്ഞങ്ങാട്: കോളേജ് വിദ്യാർത്ഥിനി അഞ്ജന ഹരീഷിന്റെ മരണത്തിൽ ഉയർന്നുവരുന്ന സംശയങ്ങളെ തള്ളി നോർത്ത് ഗോവ പോലീസ് സൂപ്രണ്ട് രംഗത്തുവന്നു. അഞ്ജനയുടേത് തൂങ്ങി മരണം തന്നെയാണെന്ന് സൂപ്രണ്ട് വ്യക്തമാക്കി. അഞ്ജനയുടെ മരണം തൂങ്ങി മരണമാണെന്ന് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നോർത്ത് ഗോവ പോലീസ് സൂപ്രണ്ട് ഉത്കൃഷ്ട് പ്രസൂൺ വ്യക്തമാക്കിയത്. യുവതി ലൈംഗികാതിക്രമത്തിന് ഇരയായെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ആത്മഹത്യ ചെയ്ത ദിവസം അഞ്ജന മദ്യപിച്ചിരുന്നതായോ, ലഹരിമരുന്ന് ഉപയോഗിച്ചതായോ ഉള്ള ലക്ഷണങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലില്ലെന്നാണ് എസ്.പി. പറയുന്നത്.  ആന്തരികാവയവങ്ങളുടെ ഫോറൻസിക് പരിശോധനാഫലം വന്നാൽ മാത്രമേ ഇക്കാര്യങ്ങൾ വ്യക്തമാകുകയുള്ളൂ. അഞ്ജന ലൈംഗികാതിക്രമത്തിന് ഇരയായി എന്ന തരത്തിൽ കേരളത്തിലെ ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ നിഗമനങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം നിഷേധിക്കുകയും ചെയ്തു. അഞ്ജനയുടെ മരണത്തിന്റെ അന്വേഷണച്ചുമതലയുള്ള  ഉദ്യോഗസ്ഥൻ കൂടിയാണ് ഉത്കൃഷ്ട് പ്രസൂൺ. അതേസമയം, തന്റെ മകളെ കൊലപ്പെടുത്തിയതാണെന്ന് തന്നെയാണ് അഞ്ജനയുടെ മാതാവ് മിനിയുടെ ആരോപണം. മകളുടെ മരണത്തിൽ ഒപ്പമുണ്ടായിരുന്ന കൂട്ടുകാർക്ക് ഉത്തരവാദിത്തമുണ്ടെന്ന് ചൂണ്ടിക്കാട്ടി മിനി ഹൊസ്ദുർഗ് പോലീസ് ഐപി, കെ. വിനോദ്കുമാറിന് പരാതി കൊടുത്തിട്ടുണ്ട്. അഞ്ജനയുടെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളിൽ നിന്ന് മൊഴിയെടുത്ത് തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഇൻസ്പെക്ടർ കെ. വിനോദ്കുമാർ ലേറ്റസ്റ്റിനോട് വ്യക്തമാക്കി. അഞ്ജനയുെട മരണത്തെക്കുറിച്ച് വിശദമായ അന്വേഷണമാവശ്യപ്പെട്ട് മാതാവ് ഗോവ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡിജിപി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.

LatestDaily

Read Previous

വാട്ട്സാപ്പ് നീല: ബ്ലോക്ക് കോൺ. സെക്രട്ടറിയോട് വിശദീകരണം തേടും

Read Next

കാഞ്ഞങ്ങാട്ട് ക്വാറന്റീനിൽ പ്രവാസികൾക്ക് പീഡനം