വിവാദങ്ങൾക്കിടെ അമിത് ഷാ വള്ളംകളിക്ക് എത്തില്ല

തിരുവനന്തപുരം: ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളിയിൽ കേന്ദ്രമന്ത്രി അമിത് ഷാ മുഖ്യാതിഥിയാകില്ല. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദർശന പട്ടികയിൽ ആലപ്പുഴയെ ഉൾപ്പെടുത്താത്തതിനാൽ അദ്ദേഹത്തിന്‍റെ പങ്കാളിത്തം ഉണ്ടാകില്ലെന്ന് വ്യക്തമായി. സുരക്ഷാ കാരണങ്ങളാലാണ് അദ്ദേഹം പങ്കെടുക്കാത്തതെന്നാണ് സൂചന. അമിത് ഷായെ വള്ളംകളിക്ക് സംസ്ഥാന സർക്കാർ ക്ഷണിച്ചതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം കത്തിപ്പടരുന്നതിനിടെയാണ് റിപ്പോർട്ട് പുറത്ത് വന്നത്.

സെപ്റ്റംബർ മൂന്നിന് കോവളത്ത് നടക്കുന്ന ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ യോഗത്തിനെത്തുന്ന അമിത് ഷായെ, നെഹ്റു ട്രോഫി വള്ളംകളി കാണാന്‍ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് കത്തയച്ചത്. ഇത് സ്ഥിരീകരിച്ച് കോവളത്ത് എത്തുന്ന എല്ലാ മുഖ്യാതിഥികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അനൗദ്യോഗികമായി വിശദീകരിച്ചിരുന്നു.

അതേസമയം, അമിത് ഷായെ ക്ഷണിച്ചതിനെതിരെ രൂക്ഷവിമർശനവുമായി വിവിധ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയതോടെ സംഭവം രാഷ്ട്രീയ വിവാദമായി. മുഖ്യമന്ത്രിയും അമിത് ഷായും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചുവെന്നാരോപിച്ച് എൻ.കെ പ്രേമചന്ദ്രൻ എം.പിയെ സംഘി എന്ന് വിളിച്ച് അപമാനിച്ചത് സി.പി.എം നേതാക്കളാണെന്ന് വി.ഡി സതീശൻ ചൂണ്ടിക്കാട്ടിയിരുന്നു.

K editor

Read Previous

വിനായക ചതുര്‍ത്ഥി ആഘോഷിച്ച് ഷാരൂഖ് ഖാൻ

Read Next

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിനെതിരെ പ്രതിപക്ഷം