പ്രതിരോധം ഫലം കണ്ടു: ലഹരി മാഫിയ ഉൾവലിഞ്ഞു

അമ്പലത്തറ: മയക്കുമരുന്ന് മാഫിയക്കെതിരെ ജനരോഷമുയർന്നതോടെ അമ്പലത്തറയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് പിടിമുറുക്കിയിരിക്കുന്ന മയക്കുമരുന്ന് മാഫിയ പതിയെ മാളങ്ങിലൊളിക്കാൻ തുടങ്ങി. മയക്കുമരുന്ന് മാഫിയയുടെ വിളയാട്ടം സഹിക്കാതായതോടെയാണ് അമ്പലത്തറ പാറപ്പള്ളി ജമാഅത്ത് കമ്മിറ്റിയടക്കം ലഹരിമാഫിയക്കെതിരെ രംഗത്തിറങ്ങിയത്.

ഒരു മാസം മുമ്പ് അമ്പലത്തറ നായിക്കുട്ടിപ്പാറയിൽ ലഹരിമാഫിയ സംഘത്തിന്റെ അക്രമത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. സദാചാരഗുണ്ടായിസം ചോദ്യം ചെയ്തതിന്റെ പേരിലാണ് നായിക്കുട്ടിപ്പാറയിൽ യുവാവിന്റെ തല അക്രമി സംഘം തല്ലിത്തകർത്തത്. അക്രണത്തിനിരയായ യുവാവ് ഇപ്പോഴും സാധാരണ നിലയിലായിട്ടില്ല. ജനുവരി 16-നാണ് നായിക്കുട്ടിപ്പാറലയിൽ സമീർ എന്ന യുവാവിനെ സദാചാര ഗുണ്ടകൾ ആക്രമിച്ചത്. സമീറിനെ ആക്രമിച്ച സംഭവത്തിൽ അമ്പലത്തറ പോലീസ് രജിസ്റ്റർ ചെയ്ത വധശ്രമക്കേസ്സിലെ ഒരു പ്രതി ഗൾഫിലേക്ക് കടന്നിരുന്നു. നായിക്കുട്ടിപ്പാറയിലെ നിർധന കുടുംബത്തിൽ സഹായമെത്തിക്കാൻ വന്ന ആറങ്ങാടി സ്വദേശിക്കെതിരെ നടന്ന അക്രമത്തെ ചോദ്യം ചെയ്തതിനാണ് ഒരു സംഘം സമീറിന്റെ തല തല്ലിക്കീറിയത്. ഈ സംഭവത്തോടെയാണ് നാട്ടുകാർ ലഹരിമാഫിയാ സംഘത്തിനെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്.

ഇതിന്റെ ഭാഗമായാണ് പാറപ്പള്ളി ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിമാഫിയയ്ക്കെതിരെ പ്രതികരണമാരംഭിച്ചത്. അമ്പലത്തറയിലെ യുവാക്കളും ലഹരി വിൽപ്പന സംഘത്തിനെതിരെ ശക്തമായി രംഗത്തുവന്നു. നായിക്കുട്ടിപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിൽ ഏറുമാടം സജ്ജീകരിച്ച് ലഹരിപ്പാർട്ടി നടത്തിയിരുന്ന മാഫിയാ സംഘത്തെക്കുറിച്ച് ലേറ്റസ്റ്റ് വാർത്ത പുറത്തു വിട്ടതിന് പിന്നാലെ അമ്പലത്തറ പോലീസ് സ്ഥലത്തെത്തി ഏറുമാടം നശിപ്പിച്ചിരുന്നു.

ലഹരി മരുന്നിനെതിരെ നാട്ടുകാർ പ്രതികരിക്കാൻ തുടങ്ങിയതോടെയാണ് ലഹരിമരുന്ന് വിൽപ്പനക്കാർ പതിയെ ഉൾവലിയാൻ തുടങ്ങിയത്. അമ്പലത്തറയിലും പരിസരപ്രേദശങ്ങളിലും എംഡിഎംഏ അടക്കമുള്ള മാരക ലഹരിമരുന്നുകൾ എത്തിച്ചിരുന്നതിന് പിന്നിൽ പ്രവർത്തിച്ചത് നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയായ ഡോക്ടർ അന്തുക്കയുടെ മകൻ റംഷീദാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അമ്പലത്തറയിലെ വീട് കേന്ദ്രീകരിച്ച് നടന്നിരുന്ന ലഹരിമരുന്ന് വ്യാപാരത്തിനായി ഉപ്പളയിൽ് നിന്നാണ് ലഹരിവസ്തുക്കൾ എത്തിച്ചിരുന്നതെന്നും പരിസരവാസികൾ പറയുന്നു. സ്കൂൾ വിദ്യാർത്ഥികൾക്കടക്കം ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്നതായും നാട്ടുകാർ ആരോപിക്കുന്നു. മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള നാട്ടുകാരുടെ പ്രതിരോധത്തിന് ഫലമുണ്ടായിത്തുടങ്ങിയെന്നാണ് അമ്പലത്തറ നിവാസികളുടെ അനുഭവസാക്ഷ്യം.

LatestDaily

Read Previous

മതവിദ്വേഷമുണ്ടാക്കി എന്നതിന് ഡോക്ടറടക്കം 5 പേർക്കെതിരെ കേസ്

Read Next

രാജ് റസിഡൻസി ജീവനക്കാരൻ തൂങ്ങി മരിച്ചു