ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: വന്യജീവി സങ്കേതങ്ങൾക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോണുകൾ നിർബന്ധമാക്കിയ വിധിക്കെതിരെ കേരളം സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രീം കോടതിയുടെ ഏത് ബെഞ്ചാണ് പരിഗണിക്കേണ്ടതെന്നതിൽ വ്യക്തതയില്ല. വനം, പരിസ്ഥിതി കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക ബെഞ്ചിന് പുനഃപരിശോധനാ ഹർജി പരിഗണിക്കാൻ കഴിയുമോ എന്നതിൽ ജസ്റ്റിസ് ബി ആർ ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് സംശയം പ്രകടിപ്പിച്ചു. ബഫർ സോൺ വിധിയിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രം നൽകിയ ഹർജി പരിഗണിക്കുമ്പോൾ ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.
സുപ്രീം കോടതിയുടെ ചട്ടപ്രകാരം കേസിൽ വിധി പറഞ്ഞ ബെഞ്ചാണ് പുനഃപരിശോധനാ ഹർജിയും പരിഗണിക്കേണ്ടത്. ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ബി ആർ ഗവായ്, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് ബഫർ സോൺ നിർബന്ധമാക്കിക്കൊണ്ട് വിധി പ്രസ്താവിച്ചത്. ഇതിൽ എൽ.നാഗേശ്വര റാവു വിരമിച്ചു. ബി ആർ ഗവായ്, അനിരുദ്ധ ബോസ് എന്നിവർ സുപ്രീം കോടതി ജഡ്ജിമാരായി തുടരുകയാണ്. ചട്ടപ്രകാരം, ചീഫ് ജസ്റ്റിസ് ബെഞ്ച് പുനഃസംഘടിപ്പിച്ച് ഇവർക്കൊപ്പം മൂന്നാമതൊരു ജഡ്ജിയെ ഉൾപ്പെടുത്തണം. തുടർന്ന് പുനഃപരിശോധനാ ഹർജി ചേംബറിൽ പരിഗണിക്കണം. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, സൂര്യകാന്ത്, ജെ.ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം പറഞ്ഞത്.
പുനഃപരിശോധനാ ഹർജി തുറന്ന കോടതിയിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ പ്രത്യേക അപേക്ഷ നൽകിയതായി സംസ്ഥാന സർക്കാരിന്റെ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും സ്റ്റാൻഡിംഗ് കൗൺസിൽ നിഷെ രാജൻ ഷോങ്കറും കോടതിയെ അറിയിച്ചു. വനം, പരിസ്ഥിതി കേസുകൾ കൈകാര്യം ചെയ്യുന്ന ബെഞ്ചാണ് പുനഃപരിശോധനാ ഹർജി പരിഗണിക്കേണ്ടതെന്നും അവർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ചീഫ് ജസ്റ്റിസല്ലേയെന്ന് ജസ്റ്റിസ് ഗവായ് ചോദിച്ചു.