നികുതി ഘടനയിൽ അവ്യക്തത, ബജറ്റ് നിരാശാജനകം; കേന്ദ്ര ബജറ്റിനെതിരെ യുഡിഎഫ് എം.പിമാർ

ഡൽഹി: കേന്ദ്ര ബജറ്റിനെതിരെ വിമർശനവുമായി യു.ഡി.എഫ് എം.പിമാർ. തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രഖ്യാപനങ്ങൾ മാത്രമാണ് ബഡ്ജറ്റെന്ന് കൊല്ലം എംപി എൻ കെ പ്രേമചന്ദ്രൻ വിമർശിച്ചു. നികുതി ഘടനയിൽ ഇപ്പോഴും വ്യക്തത വരാനുണ്ടെന്നും വിലക്കയറ്റം നിയന്ത്രിക്കാൻ ഒരു നീക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മ പരിഹരിക്കാനുള്ള പ്രഖ്യാപനമില്ലെന്നും അസംസ്കൃത റബ്ബറിന്‍റെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചത് കേരളത്തിലെ റബർ കർഷകർക്ക് ആശ്വാസമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബജറ്റ് നിരാശാജനകമാണെന്ന് മുസ്ലീം ലീഗ് നേതാവും ലോക്സഭാ അംഗവുമായ ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാൻ ഒരു നടപടിയുമില്ല. സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക പദ്ധതികളൊന്നുമില്ല. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം വർദ്ധിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണെന്ന് അബ്ദുൾ സമദ് സമദാനി വിമർശിച്ചു. യുക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക പദ്ധതിയുടെ അഭാവത്തെയും അദ്ദേഹം വിമർശിച്ചു.

കോമ്പൗണ്ട് റബ്ബറിന്‍റെ പേരിലുള്ള ഇറക്കുമതി കർഷകർക്ക് വലിയ പ്രശ്നമാണെന്നും ഇക്കാര്യത്തിൽ ആശ്വാസമുണ്ടെന്നും ആന്‍റോ ആന്‍റണി എം.പി പറഞ്ഞു. തിരുവല്ലയിൽ സ്കിൽ ഇന്ത്യ ഇന്‍റർനാഷണൽ സെന്‍റർ അനുവദിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് ബഡ്ജറ്റിൽ മൗനം പാലിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

K editor

Read Previous

ലക്ഷ്യം സീറോ കാര്‍ബണ്‍ എമിഷൻ; കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ പഴയ വാഹനങ്ങള്‍ മാറ്റും

Read Next

‘അവശ്യ സേവനങ്ങൾ പോലുമില്ല’; ഖുശ്ബുവിൻ്റെ ട്വീറ്റിൽ ക്ഷമാപണവുമായി എയർ ഇന്ത്യ