ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അമ്പലത്തറ: മത്സ്യം വളർത്തുന്ന വലിയ ആഴമുള്ള കുളത്തിൽ യുവാവ് മുങ്ങി മരിച്ചു.
പാണത്തൂർ ചെത്തുക യത്തെ ഭാസ്കരന്റെ മകൻ റിബിനെയാണ് 32, ഇന്ന് രാവിലെ അമ്പലത്തറ ബിദിയാലിലെ ഫാമിനകത്തുള്ള മത്സ്യവളർത്തു കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫാമുടമ കാഞ്ഞങ്ങാട് ദേവൻറോഡിലെ സി. കുഞ്ഞിരാമൻ രാവിലെയെത്തിയപ്പോഴാണ് റിബിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ പോലീസിനെയും അഗ്നി ശമന സേനയേയും വിവരമറിയിച്ചു. അഗ്നിശമന സേനയെത്തിയാണ് ആറ് മീറ്റർ വെള്ളമുള്ള കുളത്തിൽ നിന്നും മൃതദേഹം പുറത്തെടുത്തത്. അമ്പലത്തറ എസ് ഐ രാജീവൻ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ കോട്ടച്ചേരി കല്ലറയ്ക്കൽ ജ്വല്ലറിയിലെ ജീവനക്കാരനായിരുന്ന റിബിൻ ജ്വല്ലറി പൂട്ടിയതിനെത്തുടർന്ന് രണ്ടര വർഷം മുമ്പ് ഫാമിൽ ജോലിക്കെത്തുകയായിരുന്നു.
ഫാമിലുണ്ടായിരുന്ന കുഞ്ഞിക്കണ്ണനെ ഇന്നലെ വൈകുന്നേരം കാഞ്ഞങ്ങാട്ടെ വീട്ടിലെത്തിച്ചതിനുശേഷം ഫാമിലേക്ക് മടങ്ങിയതായിരുന്നു റിബിൻ. പകൽ സമയങ്ങളിൽ മറ്റ് ജോലിക്കാരുണ്ടെങ്കിലും രാത്രി റിബിൻ തനിച്ചാണ് ഫാമിൽ താമസം. മത്സ്യത്തിന് തീറ്റ കൊടുക്കുന്നതിനിടെ അബദ്ധത്തിൽ വീണതാകാമെന്നാണ് സംശയം.
കുളത്തിന് 30 മീറ്റർ വീതിയുണ്ട്. പശു, മത്സ്യം എന്നിവ കൃഷി ചെയ്യുന്ന ഫാമാണ് ബിദിയാലിലേത്. റിബിൻ അവിവാഹിതനാണ്.