അഞ്ജലി വീടുവിട്ടത് മൂന്നര ലക്ഷത്തിന്റെ സ്വർണ്ണാഭരണങ്ങളുമായി; സൂചനയൊന്നുമില്ല

അമ്പലത്തറ: പുല്ലൂർ പൊള്ളക്കടയിൽ  നിന്നും വീടുവിട്ട പെൺകുട്ടി അഞ്ജലി അന്യമതസ്ഥനൊപ്പം പോയതായി വ്യാപക പ്രചാരണം. സംഘപരിവാർ ആഭിമുഖ്യമുള്ള ഹൈന്ദവ സംഘടനയാണ് അഞ്ജലി ഇതര മതസ്ഥനൊപ്പം വീട് വിട്ടതായി പ്രചരിപ്പിക്കുന്നത്. കാണാതായ യുവതിയെ കണ്ടെത്താൻ ഹൈന്ദവർ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന പേരിലുള്ള ശബ്ദ സന്ദേശങ്ങൾ വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പുല്ലൂർ പൊള്ളക്കട ആലിങ്കാൽ വീട്ടിൽ ശ്രീധരന്റെ മകൾ കെ. അഞ്ജലിയെ ഏപ്രിൽ 19 മുതലാണ് കാണാതായത്. ഏപ്രിൽ 25 ന് വിവാഹം നടക്കാനിരിക്കെയാണ് യുവതിയെ കാണാതായത്. സുഹൃത്തിനെ കാണാനെന്ന  വ്യാജേന വീട്ടിൽ നിന്ന് പുറപ്പെട്ട അഞ്ജലിയെക്കുറിച്ച് പിന്നീട് യാതൊരു വിവരവുമില്ല. മൊബൈൽ ഫോൺ സ്വിച്ചോഫ് ചെയ്തതിനാൽ ടവർ ലൊക്കേഷൻ പരിശോധിച്ച് കണ്ടുപിടിക്കാനുള്ള പോലീസിന്റെ നീക്കവും ഫലം കണ്ടില്ല.

വിവാഹാവശ്യത്തിനായി സൂക്ഷിച്ച 10 പവൻ സ്വർണ്ണാഭരണങ്ങളുമായാണ് അഞ്ജലി വീട്ടിൽ നിന്നും പുറപ്പെട്ടത്. കറുപ്പ് നിറത്തിൽ വെള്ള പുള്ളികളോട് കൂടിയ ടോപ്പും, കറുത്ത ജീൻസുമായിരുന്നു വേഷം. പിതാവ് അമ്പലത്തറ പോലീസിൽ കൊടുത്ത പരാതിയിൽ അഞ്ജലി ആരുടെയെങ്കിലുമൊപ്പം പോയതായി സംശയം പറയുന്നില്ല. കാണാതായ യുവതിക്ക് വേണ്ടി  പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് അഞ്ജലി ഇതര മതസ്ഥനൊപ്പം പോയതായി സംഘപരിവാർ അനുകൂല വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ശബ്ദ സന്ദേശം പ്രചരിക്കുന്നത്.

ശബ്ദ സന്ദേശത്തിലുള്ള ആരോപണം സ്ഥിരീകരിക്കാൻ പോലീസിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ശബ്ദ സന്ദേശങ്ങളിൽ പ്രചരിക്കുന്ന ആരോപണങ്ങൾ സത്യമാണെങ്കിൽ തന്നെ പോലീസിനും, യുവതിയുടെ രക്ഷിതാക്കൾക്കും ഇന്നത്തെ സാഹചര്യത്തിൽ ഒന്നും ചെയ്യാനാകില്ല. സ്വന്തം വിവാഹപ്രായം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും, ഇഷ്ടപ്പെട്ട ആളോടൊത്ത് ജീവിക്കാനുള്ള നിയമ പരിരക്ഷയും സ്ത്രീകൾക്കുള്ളതിനാൽ അഞ്ജലി സ്വന്തം വഴി തെരഞ്ഞെടുക്കാനാണ് സാധ്യത.

അഞ്ജലിയുടെ തിരോധാനം ലൗ ജിഹാദിന്റെ ഭാഗമാണെന്ന് സ്ഥാപിക്കാനാണ് സംഘപരിവാർ  ശ്രമം. കാണാതായ യുവതിയുടെ തിരോധാനത്തിലെ ദുരൂഹത നീക്കണമെങ്കിൽ പെൺകുട്ടിയെ  കണ്ടെത്തണം. അതിനുള്ള ശ്രമത്തിലാണ് അമ്പലത്തറ പോലീസ്. 

LatestDaily

Read Previous

സ്വകാര്യ ബസുകൾ ശനി, ഞായർ ഒാടുമെന്ന് ബസുടമസ്ഥ സംഘടന

Read Next

ശനി, ഞായർ തുണിക്കടകൾ തുറക്കില്ല സ്വകാര്യ ബസുകൾ ഒാടിക്കും ഹോട്ടലുകളിൽ പാഴ്സൽ മാത്രം