സദാചാര ഗുണ്ടാ ആക്രമണക്കേസിൽ പ്രതികളെ പിടികൂടാനായില്ല

കാഞ്ഞങ്ങാട് : അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിൽ നായിക്കുട്ടിപ്പാറയിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ 2 പ്രതികളെ പോലീസിന് ഇനിയും പിടികൂടാനായില്ല.  ജനുവരി 16– ന് രാത്രിയാണ് നായിക്കുട്ടിപ്പാറയിൽ സദാചാര ഗുണ്ടായിസം ചോദ്യം ചെയ്തതിന് ഒരു സംഘം ആക്രമികൾ യുവാവിന്റെ തലതല്ലിക്കീറിയത്. നായിക്കുട്ടിപ്പാറയിൽ സമീറിനെ ആക്രമിച്ച സംഭവത്തിൽ അമ്പലത്തറ പോലീസ് റജിസ്റ്റർ ചെയ്ത വധശ്രമക്കേസിൽ പ്രതികളായ റിയാസ്, ഫാസിൽ എന്നിവരാണ് പോലീസിനെ വെട്ടിച്ച് മുങ്ങിയത്.

നായക്കുട്ടിപ്പാറയിലെ നിർധന കുടുംബത്തിന് സഹായവുമായെത്തിയ ആറങ്ങാടി സ്വദേശിയെ സദാചാര ഗുണ്ടകൾ കയ്യേറ്റം ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. സദാചാര ഗുണ്ടായിസം ചോദ്യം ചെയ്തതിനെത്തുടർന്നാണ് ഒരു സംഘം അക്രമികൾ സമീറിനെയും, സുഹൃത്ത് മുനീറിനെയും ക്രൂരമായി മർദ്ദിച്ചത്.

സദാചാരഗുണ്ടാ ആക്രമണക്കേസിൽ 2 പരാതികളിലായി 2 കേസുകളാണ് അമ്പലത്തറ പോലീസ് റജിസ്റ്റർ ചെയ്തത്. സമീറിനെ ആക്രമിച്ച കേസിൽ 2 പേരെയാണ് ഇനി പിടികൂടാനുള്ളത്. ഇവർ അമ്പലത്തറയിലെ രഹസ്യകേന്ദ്രത്തിൽ ഒളിവിലാണെന്നും, ഇവരെ പിടികൂടാൻ പോലീസ് നടപടിയൊന്നും സ്വീകരിച്ചില്ലെന്നുമാണ് നാട്ടുകാരുടെ പരാതി.

സദാചാരഗുണ്ടകളും നാട്ടുകാരും തമ്മിൽ നടന്ന സംഘട്ടനത്തിൽ നായിക്കുട്ടിപ്പാറയിലെ മജീദിന്റെ പരാതിയിൽ റജിസ്റ്റർ ചെയ്ത നരഹത്യാശ്രമക്കേസിൽ റിമാന്റിലായിരുന്ന മുനീർ, രാജൻ, ഇബ്രാഹിം എന്നിവർക്ക് ഹൈക്കോടതി ജാമ്യമനുവദിച്ചിരുന്നു. ഇവരിൽ സമീർ എന്ന യുവാവ് ഗുണ്ടാ ആക്രമണത്തിൽ പരിക്കേറ്റയാളാണ്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സമീർ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.

തലയ്ക്കേറ്റ ശക്തമായ പ്രഹരത്തിൽ യുവാവ് അപസ്മാര ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. തലയിൽ നടത്തിയ ശസ്ത്രക്രിയയെത്തുടർന്ന് അനുബന്ധ ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന സമീറിന്റെ ആരോഗ്യം രണ്ടാഴ്ച കഴിഞ്ഞിട്ടും പൂർവ്വസ്ഥിതിയിലായിട്ടില്ല. ഒളിവിൽക്കഴിയുന്ന വധശ്രമക്കേസ് പ്രതികളെ പിടികൂടാൻ കഴിയാത്തത് അമ്പലത്തറ പോലീസിന്റെ അനാസ്ഥയാണെന്ന് ആരോപണമുയർന്നു.

LatestDaily

Read Previous

കാർ തടഞ്ഞു നിർത്തി 15 ലക്ഷം രൂപ തട്ടിയ പ്രതികൾ അറസ്റ്റിൽ

Read Next

ഹരിശങ്കർ കാസർകോട് ജില്ലാ പോലീസ് മേധാവി