കള്ളനോട്ട് നിർമ്മാണം ചായ്യോത്തെ വാടക ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് കമ്പ്യൂട്ടറും പ്രിന്ററും പിടിച്ചെടുത്തു

കാഞ്ഞങ്ങാട്: അമ്പലത്തറയിൽ 2,000 രൂപയുടെ കള്ളനോട്ട് വിതരണം ചെയ്ത സംഘം കള്ളനോട്ട് നിർമ്മിച്ചത് ചായ്യോത്തെ വാടക വീട്ടിൽ. കള്ളനോട്ട് നിർമ്മാണത്തിന് ഉപയോഗിച്ച കമ്പ്യൂട്ടറും, പ്രിന്ററുമുൾപ്പെടെയുള്ള സാധനങ്ങൾ ചായ്യോത്തെ ക്വാർട്ടേഴ്സിൽ നിന്നും പോലീസ് പിടിച്ചെടുത്തു. ചായ്യോത്തെ ജയ്സൺ എന്ന അഷറഫ് 46, ഭാര്യാ സഹോദരൻ കുന്നംകുളം സ്വദേശി പജീഷ് 36, എന്നിവർ ചേർന്നാണ് 2,000 രൂപയുടെ കള്ളനോട്ട് നിർമ്മിച്ചത്. ഇവർ സ്വന്തമായി നിർമ്മിക്കുന്ന കള്ളനോട്ടുകൾ ഇവർ തന്നെ വിതരണം ചെയ്യുകയാണ് പതിവ്. ചായ്യോത്ത് നിർമ്മിച്ച 2,000 രൂപയുടെ കള്ളനോട്ട് പല ഭാഗത്തായി സംഘം ചിലവഴിച്ചതായാണ് സൂചന.

ചന്തേരയിലുൾപ്പെടെ നേരത്തെ കണ്ടെത്തിയ കള്ളനോട്ടുകൾ അഷറഫും പജീഷും ചേർന്ന് നിർമ്മിച്ചതാണെന്ന് വ്യക്തമായി. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് അമ്പലത്തറിയിൽ ഇരിയ മുട്ടിച്ചരലിലെ ലോട്ടറി വിൽപ്പനക്കാരി പത്മിനിക്ക് 2,000 രൂപ കള്ളനോട്ട് നൽകി 600 രൂപയുടെ ലോട്ടറി വാങ്ങി ബാക്കി ലഭിച്ച 1,400 രൂപയുമായി പ്രതികൾ സ്ഥലം വിട്ടിരുന്നു. പത്മിനിയുടെ പരാതിയിൽ അമ്പലത്തറ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിലിന്റെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയും, പിന്നാലെ ചായ്യോത്തെ വീട്ടിൽ ഇന്നലെ നടത്തിയ റെയിഡിലാണ് കള്ളനോട്ട് നിർമ്മിക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടറും, പ്രിന്ററും പിടികൂടിയത്.

നിലവാരം കുറഞ്ഞ സാധാരണ പേപ്പറിൽ കമ്പ്യൂട്ടർ ഗ്രാഫിക്സ് സംവിധാനത്തിന്റെ സഹായത്തോടെയാണ് ഒറിജിനലിനെ വെല്ലുന്ന 2,000 രൂപയുടെ കള്ളനോട്ട് അതിവിദഗ്ദമായി പ്രതികൾ നിർമ്മിച്ച് വിതരണം ചെയ്യ്തത്. മറ്റ് യാതൊരു രീതിയിലുള്ള അച്ചടി യന്ത്രങ്ങളുടെയും സഹായമില്ലാതെ കമ്പ്യൂട്ടറും, സാധാരണ ഏ ഫോർ പ്രിന്ററുമുപയോഗിച്ചുകൊണ്ടാണ് ഇന്ത്യൻ ഗവൺമെന്റിറക്കിയ പുതിയ 2,000 രൂപയുടെ നോട്ടിന് സമാനമായ കള്ളനോട്ടുകൾ പ്രതികൾ പുറത്തിറക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് റിമാന്റ് ചെയ്തു. കേസിന്റെ കൂടുതൽ അന്വേഷണം നടത്തുന്നതിനായി ഇരുവരെയും കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.

2013 ൽ രാജപുരം എസ്ഐ, ആയിരുന്ന ഇപ്പോഴത്തെ അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ രാജീവൻ വലിയ വളപ്പിലിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാറിന്റെ ലോട്ടറി നമ്പർ ചുരണ്ടി സമ്മാനതുക തട്ടിയ കേസിൽ അഷറഫിനെ അറസ്റ്റ് ചെയ്തിരുന്നു. കള്ളനോട്ട് വിതരണം ചെയ്ത കേസിൽ പ്രതികൾക്കെതിരെ കൂടുതൽ കേസുണ്ടാവും. പ്രതികൾ ആറ് വർഷത്തോളമായി ചായ്യോത്തെ വാടക വീട്ടിൽ താമസിച്ച് വരുന്നുണ്ട്. ലോട്ടറി വിൽപ്പനക്കാരി കൊയോങ്കരയിലെ രോഹിണിക്ക് കഴിഞ്ഞ മാസം 28 ന് 2,000 രൂപയുടെ ലോട്ടറി ടിക്കറ്റെടുത്തത് അറസ്റ്റിലായ പ്രതി അഷ്റഫാണെന്ന് ചന്തേര പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. അമ്പലത്തറ പോലീസ് റജിസ്റ്റർ ചെയ്ത കേസിന് പിന്നാലെ ചന്തേര പോലീസ് അഷ്റഫിന്റെ പേരിൽ മറ്റൊരു കേസ് റജിസ്റ്റർ ചെയ്തു.

LatestDaily

Read Previous

കെ. കെ. രമ വോട്ട് കൊണ്ട് തിരിച്ചടിക്കുമോ ?

Read Next

എവിടെ കാത്ത് ലാബ്-? രോഗികൾ മരിച്ചു വീഴുന്നു; അധികൃതർ ഉറക്കം നടിക്കുന്നു