അമ്പലത്തറ നൗഷീറയുടെ മരണത്തിൽ ഭർത്താവിനെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തു

പോലീസ് നായയെ എത്തിച്ച് തെളിവെടുപ്പ് നടത്തും

കാഞ്ഞങ്ങാട്: യുവ ഭർതൃമതി അമ്പലത്തറ പാറപ്പള്ളിയിലെ നൗഷീറയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഭർത്താവ് പാറപ്പള്ളി സ്വദേശി റസാഖിനെ 35, അമ്പലത്തറ പോലീസ് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തു. റസാഖിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി കസ്റ്റഡിയിൽ ചോദ്യം ചെയ്ത് വരികയാണ്. നൗഷീറയുടെ മരണത്തിൽ വലിയ ദുരൂഹത ഉയർന്ന സാഹചര്യത്തിലാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നതിന് മുമ്പേ റസാഖിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ മൃതദേഹം ഇന്ന് രാവിലെ 11 മണിയോടെ പരിയാരം മെഡിക്കൽ കോളേജിൽ വിദഗ്ധ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

ഇന്നലെ പുലർച്ചെ ഒന്നരമണിയോട് കൂടിയാണ് നൗഷീറയെ അബോധാവസ്ഥയിൽ ഭർതൃഗൃഹമായ പാറപ്പള്ളിയിലെ പള്ളിക്ക് പിറക് വശത്തെ വീട്ടിൽ നിന്നും ഭർത്താവും ഭർതൃമാതാവും അയൽവാസി യുവാവും ചേർന്ന് ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചത്. ഡോക്ടറുടെ നിർദ്ദേശ പ്രകാരം പ്രാഥമിക ചികിത്സയ്ക്ക് ശേഷം കണ്ണൂർ മിംസ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. കിടപ്പ് മുറിയിലെ ഫാനിന്റെ  ഹുക്കിൽ ഷാളിൽ കുരുക്കിട്ട് കെട്ടിത്തൂങ്ങിയ നൗഷീറയെ ഷാൾ അറുത്തെടുത്ത്  ആശുപത്രിയിലേക്ക് കൊണ്ട് പോകവെ മരണപ്പെട്ടതായാണ് ഭർത്താവും ഭർതൃമാതാവും പറഞ്ഞത്. 

നാട്ടുകാർക്കും നൗഷീറയുടെ ബന്ധുക്കൾക്കും മരണത്തിൽ സംശയമുണ്ടായതിനെത്തുടർന്ന് മൃതദേഹം വിദഗ്ധ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കുകയായിരുന്നു.   5 വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് നാലും ഒരു വയസ്സുമുള്ള രണ്ട് പെൺമക്കളുണ്ട്.  ബുധനാഴ്ച്ച പകൽ പുറത്ത് പോയിരുന്ന നൗഷീറയും ഭർത്താവും കുട്ടികളും ഇന്നലെ പുലർച്ചെയോട് കൂടി പാറപ്പള്ളിയിലെ വീട്ടിൽ തിരിച്ചെത്തുകയായിരുന്നു. ഇരുനില വീടിന്റെ മുകൾ നിലയിലുള്ള കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായകുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് നൗഷീറ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി കണ്ടെന്നാണ് റസാഖ് പറഞ്ഞത്. വാതിൽ പൊളിച്ച് ഫാനിന്റെ ഹുക്കിൽ കെട്ടിയ ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചതാണെന്നും റസാഖ് പറഞ്ഞിരുന്നു.

നൗഷീറയും ഭർത്താവും മക്കളും റസാഖിന്റെ മാതാപിതാക്കളുമാണ് വീട്ടിൽ താമസം. നൗഷീറയുടെ സ്വന്തം വീട് പാണത്തൂരിലാണ്. അബുദാബി.യിൽ ടൈലറിംഗ് ഷോപ്പ് നടത്തുന്ന റസാഖ് കോവിഡ് സാഹചര്യത്തിൽ 8 മാസം മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്. പാറപ്പള്ളിയിലെ വീട്ടിൽ പോലീസ് വിശദമായ അന്വേഷണം നടത്തി. പോലീസ് നായയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താൻ പോലീസ് ആലോചിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ നൗഷീറയുടെ മരണത്തിൽ എന്തെങ്കിലുംപറയാൻ പറ്റുകയുള്ളുവെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി സജേഷ് വാഴവളപ്പ് പറഞ്ഞു.

LatestDaily

Read Previous

മുഖ്യമന്ത്രിയുടെ ഓൺലൈൻ സംവാദ വേദിയിലേക്ക് യൂത്ത് ലീഗ് മാർച്ച്

Read Next

ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാലരവയസ്സുകാരൻ മരിച്ചു