ആൾട്ടോ കാർ പുഴയിൽ തള്ളിവിട്ടത് , ഇഖ്ബാൽ റോഡിൽ ഗുണ്ടകൾ കുരുമുളക് സ്പ്രേ പ്രയോഗിച്ചു

അജാനൂർ: ചിത്താരിപ്പുഴയിൽ ഇന്നലെ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ മാരുതി ആൾട്ടോ കാർ നമ്പർ കെ. എൽ. 60. പി.3797 പുഴയിൽ വീണതല്ല  തള്ളിയിട്ടത്.

അജാനൂർ കടപ്പുറത്തെ ബത്തേരിക്കൽ അജിത് ആർസി ഉടമയായ കാറാണ് പുഴയിലേക്ക് തള്ളി ഇറക്കി വിട്ടത്.

ജുലായ്  24-ന് പാതിരാത്രി  ഇക്ബാൽ റോഡിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റു മുട്ടിയിരുന്നു.

തർക്കത്തിനിടയിൽ ഇവരിൽ ഒരു സംഘം എതിർസംഘത്തിൽ ചിലരുടെ മുഖത്ത് കുരുമുളക് സ്പ്രേ പ്രയോഗിച്ചു.

മുഖത്ത് ആസിഡ് ഒഴിച്ചതാണെന്ന് സംശയിച്ച സംഘം ഞൊടിയിടയ്ക്കുള്ളിൽ അടുത്തുള്ള മൻസൂർ  ആശുപത്രിയിൽ ഓടിയെത്തിയപ്പോഴാണ് ഒഴിച്ചത് കുരുമുളക് സ്പ്രേയാണെന്ന് തിരിച്ചറിഞ്ഞത്.

ഈ സമയത്ത് എതിർസംഘം ആൾട്ടോ കാർ എടുത്തു പോവുകയും ചിത്താരി പാലത്തിന് തൊട്ട് കിഴക്കോട്ടു പോകുന്ന അസീസിയ്യ സ്കൂൾ റോഡിലൂടെ ചെന്ന് കാർ റോഡിൽ നിന്ന്  പുഴയിലേക്ക് തള്ളി വിടുകയായിരുന്നു.

കാറിന്റെ പെട്രോൾ ടാങ്കിലും, എഞ്ചിൻ  ഭാഗത്തും , കാറിനകത്തും പുഴയിലെ ഉപ്പുവെള്ളം കയറിയതിനാൽ ഇനി ഈ കാർ ഉപയോഗിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. കാർ പുഴയിലിട്ട ഗുണ്ടാ സംഘത്തിൽ രണ്ടു പേരെ ഇന്നലെ ഉച്ചയോടെ  അജിതിന്റെ സംഘം പൊക്കിയിട്ടുണ്ട്.

ഇവരെ ഏതോ രഹസ്യ കേന്ദ്രത്തിൽ പാർപ്പിച്ച് ഇന്നു പുലരുംവരെ  അജിത്  സംഘം ചോദ്യം ചെയ്തു വരികയാണ്.

അജിത് എതിർ സംഘത്തിന് ലീസിന്  നൽകിയ കാറാണിത്.

ഒരു ലക്ഷം രൂപ റൊക്കം പണം നൽകുമ്പോൾ ഈടായി നൽകിയ കാറാണ് ലീസ് കാർ.

കഞ്ചാവു കൈമാറ്റത്തിലുള്ള തർക്കമാണ് ഈ ഗുണ്ടാ സംഘങ്ങൾ പരസ്പരം  പാതിരായ്ക്ക് ഏറ്റുമുട്ടാനിടയാക്കിയത്.

പുഴയിൽ കണ്ടെത്തിയകാറുടമ ബത്തേരിക്കൽ അജിതിനെ ഹോസ്ദുർഗ്ഗ് പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു.

കാർ തന്റേതാണെന്ന് സമ്മതിച്ച അജിത്  തനിക്ക് പരാതിയില്ലെന്നും പ്രശ്നം  തങ്ങൾ തീർത്തു കൊള്ളാമെന്നും വെളിപ്പെടുത്തിയതിനാൽ, പോലീസ് ഇടപെടാൻ നിന്നില്ല.

ഇക്ബാൽ പരിസരത്തുള്ള അഫ്സൽ ആണ് അജിതിനോട് ആൾട്ടോ കാർ ലീസിന് വാങ്ങിയിരുന്നത്. അഫ്സൽ സംഘവും അജിത്  സംഘവുമാണ് പാതിരായ്ക്ക് ഏറ്റു മുട്ടിയതും അഫ്സൽ സംഘം കുരുമുളക് സ്പ്രേ പ്രയോഗിച്ചതും.

ഇഖ്ബാൽ ഹൈസ്കൂൾ പരിസരം ഗുണ്ടാസംഘങ്ങളുടെ വിളയാട്ട കേന്ദ്രമായി  മാറിയിട്ടുണ്ട്. പ്രദേശത്തെ ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

LatestDaily

Read Previous

പൂക്കോയ തങ്ങൾ വ്യാജ ചെക്കും നൽകി

Read Next

ജനപ്രതിനിധികൾ മാതൃകയാകണം