സംസ്ഥാനത്തെ എല്ലാ കെട്ടിടങ്ങള്‍ക്കും സവിശേഷ തിരിച്ചറിയല്‍ നമ്പർ നൽകും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കെട്ടിടങ്ങള്‍ക്കും സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ നല്‍കുമെന്ന് തദ്ദേശ, എക്സൈസ് മന്ത്രി എം ബി രാജേഷ്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്‍റെ ഭാഗമായിട്ടാണ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. എളുപ്പത്തില്‍ തിരിച്ചറിയാനും വിവിധ സേവനങ്ങള്‍ക്കുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും സംവിധാനം സഹായകരമാകും. ഇൻഫര്‍മേഷൻ കേരളാ മിഷന്‍റെ നേതൃത്വത്തിലാണ് ഇതിനായുള്ള നടപടികള്‍ സ്വീകരിക്കുന്നത്. പുതിയ സംവിധാനം സംസ്ഥാനത്തിന്‍റെ വികസനക്കുതിപ്പില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും മന്ത്രി പറഞ്ഞു.

കെട്ടിടങ്ങളുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ ഏകോപിപ്പിക്കുന്നതോടെ, എളുപ്പത്തിലും വേഗത്തിലും സേവനങ്ങള്‍ ലഭ്യമാകും. തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി വാര്‍ഡ് വിഭജനം നടത്തുമ്പോള്‍ ഓരോ പ്രാവശ്യവും കെട്ടിടങ്ങളുടെ നമ്പറില്‍ വ്യത്യാസം വരുന്നത്, കെട്ടിടവുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ ലഭ്യമാകുന്നതിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

ഇത് പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം എടുത്തത്. സുതാര്യവും ഫലപ്രദവുമായ നടപടിക്രമത്തിനും സംവിധാനം വഴിവെക്കുമെന്നും മന്ത്രി പറഞ്ഞു. നഗര-ഗ്രാമ പ്രദേശങ്ങളില്‍ നിലവില്‍ സഞ്ചയാ സോഫ്റ്റ് വെയര്‍ വഴിയാണ് കെട്ടിടങ്ങള്‍ക്ക് നമ്പര്‍ അനുവദിക്കുന്നത്. വാര്‍ഡ് നമ്പര്‍, ഡോര്‍ നമ്പര്‍, സബ് നമ്പര്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് നിലവിലെ കെട്ടിട നമ്പര്‍. വീടുകള്‍ക്ക് നമ്പര്‍ ഇടുന്ന സമയത്ത് തന്നെ യൂണീക് ബില്‍ഡിംഗ് നമ്പറും സഞ്ചയ സോഫ്റ്റ് വെയറില്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. നിലവിലെ നമ്പറിനൊപ്പം ഈ യുണീക് നമ്പറും ലഭ്യമാക്കും.

K editor

Read Previous

കെ ഫോൺ; സൗജന്യ ഇന്റർനെറ്റ് നൽകുന്നതിനുള്ള 14,000 കുടുംബങ്ങളെ ഉടൻ തെരഞ്ഞെടുക്കും

Read Next

മകനുമൊത്ത് മുൻ ഭർത്താവ് ഇന്ത്യയിലേക്ക് കടന്നു; ഡൽഹി ഹൈക്കോടതിയിൽ പരാതിയുമായി യുക്രൈൻ യുവതി