അടുത്തുള്ള ടെറസിൽ ഒളിച്ചുനിന്ന് ആലിയ ഭട്ടിന്റെ ഫോട്ടോയെടുത്തു; കേസെടുക്കുമെന്ന് പൊലീസ്

മുംബൈ: ഒളിച്ചു നിന്ന് ആലിയ ഭട്ടിന്‍റെ ചിത്രങ്ങൾ പകർത്തിയ ഓൺലൈൻ പോർട്ടലിനെതിരെ മുംബൈ പോലീസ് കേസെടുക്കും. താരത്തിനോട് പരാതി നൽകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പിആർ ടീം ഓൺലൈൻ പോർട്ടലുമായി ബന്ധപ്പെടുന്നുണ്ടെന്നും അതിനുശേഷം പരാതി നൽകാമെന്നും ആലിയ ഭട്ട് മറുപടി നൽകി.ഫ്ലാറ്റിന്‍റെ ടെറസിൽ ഒളിച്ചിരുന്നാണ് ഇവർ ആലിയ ഭട്ടിന്‍റെ വീടിനുള്ളിൽ നിന്നുള്ള ചിത്രങ്ങൾ പകർത്തിയത്.

ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് ആലിയ ഇൻസ്റ്റാഗ്രാമിൽ പ്രതിഷേധ പോസ്റ്റ് ഇട്ടതിന് പിന്നാലെ ഐക്യദാർഢ്യവുമായി ബോളിവുഡ് താരങ്ങൾ രംഗത്തെത്തിയിരുന്നു. “വീട്ടിലിരിക്കുമ്പോൾ ആരോ തന്നെ നിരീക്ഷിക്കുന്നതുപോലെ തോന്നി. ഞാൻ നോക്കിയപ്പോൾ, അടുത്ത കെട്ടിടത്തിന്‍റെ ടെറസിൽ ക്യാമറകളുമായി രണ്ടുപേർ നിൽക്കുന്നു. ഇത് ഒരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. നിങ്ങൾക്ക് മുറിച്ചുകടക്കാൻ കഴിയാത്ത ഒരു വരയുണ്ട്” ആലിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ഇതിനെതിരെ ആലിയ ഭട്ടിന്‍റെ അമ്മയും സഹോദരിയും അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ജാൻവി കപൂർ, അർജുൻ കപൂർ, അനുഷ്ക ശർമ്മ എന്നിവരും ആലിയയെ പിന്തുണച്ച് രംഗത്തെത്തി.

Read Previous

പ്രശസ്ത മോഹിനിയാട്ടം, കഥകളി കലാകാരി കനക് റെലെ അന്തരിച്ചു

Read Next

എഎപിയുടെ ഷെല്ലി ഒബ്‌റോയ് ഡൽഹിയുടെ ആദ്യ വനിതാ മേയർ; ജയം 34 വോട്ടുകൾക്ക്