പൂച്ച ചാടിയപ്പോൾ ബൈക്കിൽ നിന്ന് തെറിച്ചുവീണ യുവാവ് കാർ കയറി മരിച്ചു

കാർ നിർത്താതെ ഒാടിച്ചു പോയി

കാഞ്ഞങ്ങാട്: പൂച്ച കുറുകെ ചാടിയതിനെത്തുടർന്ന് ബ്രേക്കിട്ട മോട്ടോർ ബൈക്കിൽ നിന്നും തെറിച്ച് റോഡിൽ വീണ യുവാവ് കാർ കയറി ദാരുണമായി മരണപ്പെട്ടു. നീലേശ്വരം കണിച്ചിറ കൊടുങ്ങല്ലൂർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കൃഷ്ണന്റെ മകൻ ജിഷ്ണുവാണ് 24, മരണപ്പെട്ടത്. കെഎസ്ടിപി റോഡിൽ ഇന്നലെ രാത്രി 7.30 മണിക്ക് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റിന് സമീപത്താണ് അപകടം.

കാഞ്ഞങ്ങാട് നിന്നും നിലേശ്വരം ഭാഗത്തേക്ക് സുഹൃത്ത് രഞ്ജിത്ത് ഒാടിച്ച മോട്ടോർ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ജിഷ്ണു. അലാമിപ്പള്ളിയിൽ പൂച്ച കുറുകെ ചാടിയപ്പോൾ രഞ്ജിത്ത് പെട്ടെന്ന് ബൈക്ക് ബ്രേക്കിട്ട് നിർത്താൻ ശ്രമിക്കുന്നതിനിടെ ജിഷ്ണു റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഈ സമയം നിലേശ്വരം ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന കാർ ജിഷ്ണുവിന്റെ ദേഹത്ത് കയറിയിറങ്ങി.  ജിഷ്ണുവിന്റെ ദേഹത്ത് കയറിയ കാർ നിർത്താതെ ഒാടിച്ച് പോയി. വെളുത്ത നിറത്തിലുള്ള കാറാണിതെന്ന് അപകടത്തിന്റെ ദൃക്സാക്ഷികൾ പോലീസിനെ അറിയിച്ചിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്ന യുവാവിനെ സുഹൃത്ത് രഞ്ജിത്തും, ഈ സമയം അലാമിപ്പള്ളിയിലുണ്ടായിരുന്ന രൂപേഷെന്ന ആളും ചേർന്ന് ഇത് വഴി വന്ന ഒാട്ടോ തടഞ്ഞ് നിർത്തി ജില്ലാശുപത്രിയിലെത്തിക്കുകയായിരുന്നു. ഡോക്ടർ പരിശോധിച്ചതിൽ മരണം ഉറപ്പാക്കി. ഹൊസ്ദുർഗ് എസ്െഎ അരുണൻ ഇൻകസ്റ്റ് നടത്തിയ മൃതദേഹം ജില്ലാശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് വിധേയമാക്കും. കാർ കണ്ടെത്തുന്നതിന് ഹൊസ്ദുർഗ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിക്കും. അറിയപ്പെടുന്ന കബഡി താരമാണ് മരണപ്പെട്ട ജിഷ്ണു. മാതാവ് പ്രീതി.

LatestDaily

Read Previous

മഞ്ചേശ്വരത്ത് എട്ടിൽ അഞ്ച് പഞ്ചായത്തുകളിലും ഭരണം എൽഡിഎഫ്

Read Next

കാണാതായ പെൺകുട്ടി മരിച്ച നിലയിൽ