പാർട്ടി വേദിയിൽനിന്ന് അജിത് പവാർ ഇറങ്ങിപ്പോയി; എൻസിപിയിൽ വീണ്ടും ഭിന്നത?

ന്യൂഡൽഹി: ശരദ് പവാറിന്‍റെ അനന്തരവൻ കൂടിയായ മുതിർന്ന നേതാവ് അജിത് പവാർ എൻസിപി അധ്യക്ഷൻ ശരദ് പവാർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുള്ള വേദിയിൽ നിന്ന് ഇറങ്ങിപ്പോയി. ഇതോടെയാണ് നേതൃനിരയിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ഞായറാഴ്ച എൻസിപിയുടെ ദേശീയ കൺവെൻഷൻ നടക്കുന്നതിനിടെയാണ് സംഭവം. അജിത് പവാറിനെ സംസാരിക്കാൻ ക്ഷണിക്കുന്നതിന് മുമ്പ് മറ്റൊരു പാർട്ടി നേതാവ് ജയന്ത് പാട്ടീലിനെ ക്ഷണിച്ചതോടെയാണ് അദ്ദേഹം വേദി വിട്ടത്.

ദേശീയ തല യോഗമായതിനാലാണ് താൻ സംസാരിക്കാതിരുന്നതെന്ന് അജിത് പവാർ പിന്നീട് വ്യക്തമാക്കിയെങ്കിലും അഭ്യൂഹങ്ങൾക്ക് ശമനമുണ്ടായില്ല. ശരദ് പവാറിന്‍റെ സമാപന പ്രസംഗത്തിന് മുന്നോടിയായി അജിത് പ്രസംഗിക്കുമെന്ന് മുതിർന്ന നേതാവ് പ്രഫുൽ പട്ടേൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അജിത് തന്‍റെ സീറ്റിൽ നിന്ന് എഴുന്നേറ്റു പോയിരുന്നു.

ശുചിമുറി ഉപയോഗിക്കാൻ പോയതാണെന്നും തിരിച്ചെത്തുമെന്നും പ്രഫുൽ പട്ടേൽ പാർട്ടി അംഗങ്ങളോട് പറഞ്ഞു. അതേസമയം എൻസിപി എംപിയും പവാറിന്‍റെ മകളുമായ സുപ്രിയ സുളെ അജിത്തുമായി സംസാരിക്കുകയും അദ്ദേഹത്തെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹം എത്തിയപ്പോഴേക്കും ശരദ് പവാർ തന്‍റെ സമാപന പ്രസംഗം ആരംഭിച്ചിരുന്നു. അതുകൊണ്ട് തന്നെ അജിത്തിന് സംസാരിക്കാൻ അവസരം ലഭിച്ചില്ല.

K editor

Read Previous

ആശുപത്രികളിൽ യോഗയ്ക്കും വ്യായാമത്തിനുമുള്ള വെൽനസ് കേന്ദ്രങ്ങൾ; രണ്ട് മാസത്തിനകം തുടങ്ങും

Read Next

പശ്ചിമഘട്ട കരട് വിജ്ഞാപനം റദ്ദാക്കാനാകില്ല; സുപ്രീം കോടതി ഹർജി തള്ളി