ജാള്യം മറയ്ക്കാന്‍ കെ. മാധവന്‍റെ ആത്മകഥ മറയാക്കരുത്; അജയകുമാര്‍ കോടോത്ത്

ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത  തിരുമുമ്പിനെ ന്യായീകരിക്കാന്‍ സതീഷ്ചന്ദ്രന്‍ കെ. മാധവന്‍റെ ആത്മകഥ മറയാക്കരുതെന്ന് ചരിത്രകാരൻ പ്രൊഫസർ അജയ്കുമാർ കോടോത്ത്

സ്വന്തം ജാള്യത മറയ്ക്കാന്‍ ആത്മകഥയിലെ ചില ഭാഗങ്ങള്‍ സമര്‍ത്ഥമായി ഉപയോഗിച്ച സതീഷ്ചന്ദ്രന്‍ ബോധപൂർവ്വം  വിട്ട വരികള്‍ ശ്രദ്ധിക്കൂ:

“ഈ ഒളിവു കാലത്ത്  (1948) പാര്‍ട്ടി അണികളെ വേദനിപ്പിച്ച ഒരു സംഭവം നടന്നു.

തിരുമുമ്പിന്‍റെ അറസ്റ്റും പാര്‍ട്ടിയില്‍ നിന്നൂള്ള രാജിയും ആയിരുന്നു അത്. തിരുമുമ്പിന് താമസിക്കാന്‍ സൗകര്യമുള്ളതും കൂടുതല്‍ ഭദ്രവുമായ സ്ഥലമാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഞങ്ങളെപ്പോലെ ഓടിച്ചാടി നടക്കാനും വീട്ടിലും കാട്ടിലുമായി കഴിഞ്ഞുകൂടാനും പ്രയാസമായത് കൊണ്ടാണ് അത്തരം പരിഗണന തിരുമുമ്പിന് നല്‍കിയത്. താമസം ‘കമ്മ്യൂണിസ്റ്റ്കാരുടെ മോസ്കോ’ എന്നറിയപ്പെട്ടിരുന്ന മടിക്കൈയില്‍ തന്നെയായിരുന്നു. ഒരു ദിവസം തമ്മില്‍ കാണണമെന്ന് തിരുമുമ്പ് പറഞ്ഞയച്ചു. എരിക്കുളം പാറയില്‍ സഖാക്കള്‍ അതിനുള്ള ഏര്‍പ്പാട് ചെയ്തു. ഞങ്ങള്‍ അവിടെ സന്ധിച്ചു. ഒരുപാട് സംസാരിച്ചു. പാര്‍ട്ടി നയം അദ്ദേഹത്തിന് സ്വീകാര്യമല്ലെന്ന് മനസ്സിലായി. പക്ഷെ, തിരുമുമ്പ് ഇത്രപെട്ടെന്ന് പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല. ഒരു വിപ്ലവകാരിക്ക് രാജിവെക്കാന്‍ പറ്റിയ സാഹചര്യമല്ല അന്ന് നിലവിലുണ്ടായിരുന്നത്” (ഒരു ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റിന്‍റെ ഓര്‍മ്മകള്‍, കെ. മാധവന്‍, പേജ് 224-25, 2014).

മേൽവാക്കുകള്‍ മൃദുവാണെങ്കിലും ശക്തമാണെന്ന് ആരും തിരിച്ചറിയും മകന്‍റെ വാക്കുകള്‍ പരുക്കനായെങ്കില്‍ അതിന് കാരണം 1948 ലെ തിരുമുമ്പിന്‍റെ കീഴടങ്ങലുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ രേഖകളും വായിച്ചത് കൊണ്ടാണ്.

ചരിത്ര സത്യങ്ങള്‍ മൂടിവെക്കരുതെന്ന തിരിച്ചറിവാണ് സതീഷ്ചന്ദ്രന് ആദ്യം വേണ്ടിയിരുന്നത്. 1921 ല്‍ സെല്ലുലാര്‍ ജയിലില്‍ നിന്ന് മോചനം നേടിയ സവര്‍ക്കറുടെ ചരിത്രം സതീഷ്ചന്ദ്രന് അറിയാമല്ലോ? 1913 ന് മുമ്പ് ഇദ്ദേഹം യുക്തിവാദിയും ബോംബ് സംസ്കാരത്തില്‍ വിശ്വസിച്ചിരുന്ന വിപ്ലവകാരിയുമായിരുന്നു. ഇദ്ദേഹം ബ്രിട്ടീഷ് സര്‍ക്കാരിന് മാപ്പപേക്ഷ നല്‍കിയാണ് മോചനം നേടിയതെന്ന് ചരിത്ര രേഖകളില്‍ നിന്ന് തെളിഞ്ഞതോടെ യഥാര്‍ത്ഥ ദേശസ്നേഹികള്‍ക്ക് സവര്‍ക്കര്‍ ഒറ്റുകാരനായി.

ഇക്കാര്യം ഇന്നും രാജ്യത്തെ പ്രമുഖ മാര്‍ക്സിസ്റ്റ് ചരിത്ര പണ്ഡിതരടക്കം ആവര്‍ത്തിക്കുന്നുമുണ്ട്. തിരുമുമ്പ് 1948 ല്‍ പോലീസിന് കീഴടങ്ങി പാര്‍ട്ടി രഹസ്യങ്ങള്‍ കൈമാറുകയും ചെയ്തുപോയ ‘സമസ്താപരാധങ്ങൾക്കും, മാപ്പ്’ എന്ന് സര്‍ക്കാരിന് എഴുതിക്കൊടുത്തതോടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സംബന്ധിച്ച് അദ്ദേഹം വഞ്ചകനും ഒറ്റുകാരനുമായി മാറുകയായിരുന്നു ഈ ചരിത്ര വസ്തുത കാണാതെ സതീഷ്ചന്ദ്രന്‍ ചരിത്രം വളച്ചൊടിച്ച് ഈ ആധൂനിക കാലത്ത് തിരുമുമ്പിനെ വെള്ളപൂശാന്‍ തുനിയരുതായിരുന്നു.

തിരുമുമ്പ് തുടക്കത്തില്‍ സായുധ വിപ്ലവത്തിന്‍റെ വക്താവായിരുന്നു.

കെ. മാധവന്‍ കല്‍ക്കത്ത തീസിസിനെ എതിര്‍ത്തയാളും. കളംമാറിയ തിരുമുമ്പ് കീഴടങ്ങി വീട്ടില്‍ കിടന്നുറങ്ങുകയും കെ. മാധവനും സഖാക്കളും പാര്‍ട്ടി കൂറിന്‍റെ പേരില്‍ ക്രൂരമര്‍ദ്ദനം സഹിച്ച് ജയിലിലുമായി  ഈ ത്യാഗത്തെയാണ് സതീഷ്ചന്ദ്രന്‍ ഇപ്പോള്‍ പരിഹസിക്കുന്നത്. കല്‍ക്കത്ത തീസിസ് തെറ്റായിപ്പോയെന്ന് 1952 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഏറ്റുപറഞ്ഞിട്ടുണ്ട് 1948 ല്‍ ആര്‍എസ്എസ്സുമായി ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇന്ത്യയില്‍ നിന്ന് തുടച്ച് നീക്കാന്‍ സര്‍ദാര്‍  വല്ലഭായ് പട്ടേല്‍ നീക്കം നടത്തിയപ്പോള്‍, അതിനെ ചെറുത്തത് പണ്ഡിറ്റ് നെഹ്റുവെന്ന പുരോഗമനവാദിയായിരുന്നുവെന്ന ചരിത്രകാരൻ രാമചന്ദ്ര ഗുഹയുടെ കണ്ടെത്തല്‍ സതീഷ്ചന്ദ്രന്‍ വായിക്കണം ഹൈന്ദവ വര്‍ഗ്ഗീയ ഫാസിസത്തെ ചെറുക്കാന്‍ ദേശീയ തലത്തില്‍ നെഹ്റുവിന്‍റെ കോണ്‍ഗ്രസ്സുമായി കമ്മ്യൂണിസ്റ്റുകാര്‍ യോജിക്കണമെന്നത് എന്‍റെ പ്രഖ്യാപിത രാഷ്ട്രീയ നിലപാടാണ്. തമിഴ്നാട്ടിലോ, പശ്ചിമ ബംഗാളിലൊ ഇന്ന് പോയാല്‍ എനിക്ക് ഇക്കാര്യം പരസ്യമായി തലയുയര്‍ത്തി പറയാം.

1948 ലെ തിരുമുമ്പിന്‍റെ കീഴടങ്ങലുമായി ബന്ധപ്പെട്ട മുഴുവന്‍ ആർക്കൈെവസ്ഖകളും പരിശോധനയ്ക്കായി സതീഷ്ചന്ദ്രനെ ഏല്‍പ്പിക്കാം. ഏ.സി. കണ്ണന്‍ നായര്‍ മുതല്‍ മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ വരെയുള്ള മഹാരഥന്മാര്‍ ജീവിച്ച കാസര്‍കോടിന്‍റെ മണ്ണില്‍ ഉയരുന്ന 50 കോടിയുടെ സാംസ്കാരിക സമുച്ചയത്തിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഒറ്റുകൊടുത്ത തിരുമുമ്പിന്‍റെ പേരിടാനുള്ള തീരുമാനം ഒരു കമ്മിറ്റിയെ നിയോഗിച്ച് രേഖകള്‍ പരിശോധിക്കുന്നത് വരെ നിര്‍ത്തിവെക്കാന്‍ സതീചന്ദ്രന്‍ പരസ്യമായി കേരള സര്‍ക്കാരിനോട് ആവശ്യപ്പെടണം.

LatestDaily

Read Previous

ആൻമരിയ വധം സഹോദരനെ പോലീസ് കസ്റ്റഡിയിൽ വാങ്ങും

Read Next

മാസ്ക്കും കൈയ്യുറയും ധരിക്കാത്ത വ്യാപാരികൾക്കെതിരെ 15 കേസുകൾ