തറ തകർത്ത സംഭവം വഴിത്തിരിവിൽ അജാനൂർ പഞ്ചായത്ത് ഭരണത്തിൽ നിന്നും സിപിഎമ്മിനെ താഴെയിറക്കാൻ നീക്കം

കാഞ്ഞങ്ങാട്: തെരഞ്ഞെടുപ്പ് ഫണ്ട് നൽകാത്തതിന്റെ പേരിൽ കൊളവയലിലെ വി. കെ. റാസിഖിന്റെ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ തറ പൊളിച്ച് ഡിവൈഎഫ്ഐ പതാക സ്ഥാപിച്ച സംഭവം വഴിത്തിരിവിൽ. മുസ്ലീം ലീഗും, ബിജെപിയും ചേർന്ന് കോൺഗ്രസ്സ് അംഗങ്ങളുടെ സഹായത്തോടെ അജാനൂർ പഞ്ചായത്തിലെ സിപിഎം ഭരണം അവസാനിപ്പിക്കാൻ രഹസ്യ നീക്കമാരംഭിച്ചു.

തറ പൊളിച്ച് കൊടി നാട്ടിയ ഡിവൈഎഫ്ഐ പ്രവർത്തകരെ സംരക്ഷിക്കുന്ന നിലപാട് അജാനൂർ പഞ്ചായത്ത് ഭരണസമിതി സ്വീകരിച്ചതോടെയാണ് പഞ്ചായത്ത് ഭരണത്തിൽ നിന്നും സിപിഎമ്മിനെ പുറത്താക്കാൻ ബിജെപിയുമായി സഹകരിക്കാൻ മുസ്ലീം ലീഗിൽ ആലോചന തുടങ്ങിയത്. ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ: കെ. ശ്രീകാന്ത്  നേരിട്ട് തറ പൊളിച്ച  കൊളവയലിലെത്തിയിരുന്നു.

അജാനൂർ പഞ്ചായത്തിലെ 23 സീറ്റുകളിൽ  ബിജെപിക്ക് നാലംഗങ്ങളാണുള്ളത്. മുസ്ലീം ലീഗിന് ഏഴും, കോൺഗ്രസ്സിന് രണ്ടുമടക്കം, യുഡിഎഫിന് ഒമ്പതംഗങ്ങളും ഭരണ കക്ഷിയായ സിപിഎം ഉൾപ്പെട്ട എൽഡിഎഫിന് 10 അംഗങ്ങളുമാണ്. ഭരണകക്ഷിയെക്കാൾ പ്രതിപക്ഷത്തുള്ള യുഡിഎഫ്–ബിജെപി അംഗങ്ങൾക്കാണ് അംഗബലമെങ്കിലും, ബിജെപി ബാന്ധവം വേണ്ടന്ന യുഡിഎഫ് മുസ്ലീം ലീഗ് തീരുമാനമുണ്ടായതിനെ തുടർന്നാണ് 13 നെതിരെ പത്തംഗങ്ങളുള്ള ഇടതുമുന്നണി അജാനൂർ പഞ്ചായത്തിൽ ഭരണത്തിലേറിയത്.

ബിജെപി സഹായത്തോടെ അജാനൂർ പഞ്ചായത്തിൽ അവിശ്വാസം കൊണ്ടു വന്ന് സിപിഎമ്മിനെ ഭരണത്തിൽ നിന്നും താഴെയിറക്കണമെന്നാണ് മുസ്ലീം ലീഗിലുയർന്നിരിക്കുന്ന ആവശ്യം. അവിശ്വാസം സംബന്ധിച്ച് മുസ്ലീം ലീഗ്  നേതാക്കൾ, ബിജെപി വൃത്തങ്ങളുമായി ബന്ധപ്പെട്ടുവെന്നാണ് സൂചന.

LatestDaily

Read Previous

വീടുവിട്ട അഫീസയെയും അജിനേയും ഹൈക്കോടതിയിൽ ഹാജരാക്കണം

Read Next

കല്ല്യാൺ റോഡ് മുത്തപ്പൻ തറയിൽ പുലി സാന്നിധ്യമറിയാൻ വനപാലകർ ക്യാമറ സ്ഥാപിച്ചു