അജാനൂർ 5,18 വാർഡുകളിൽ പോരാട്ടംഇഞ്ചോടിഞ്ച് രണ്ടിടത്തും മുസ്്ലീം ലീഗും ഐഎൻഎല്ലും നേർക്ക് നേർ

കാഞ്ഞങ്ങാട്: നഗരസഭയോട് തൊട്ടുരുമ്മി നിൽക്കുന്ന അജാനൂർ ഗ്രാമ പഞ്ചായത്തിലെ 5,18 വാർഡുകളിൽ പൊരിഞ്ഞ പോരാട്ടം മുസ്്ലീം ലീഗും ഇന്ത്യൻ നാഷണൽ ലീഗും നേരിട്ട് ഏറ്റുമുട്ടുന്നതിനാൽ ഈ രണ്ട് വാർഡുകളിലും മത്സരം ഇഞ്ചോടിഞ്ചാണ് വിജയം ആരെ തുണക്കുമെന്നത് രണ്ടിടത്തും പ്രവചനാതീതം. 5-ാം വാർഡിൽ മുസ്്ലീം ലീഗിലെ ഷക്കീലാ ബദറുദ്ദീനും, ഐഎൻഎല്ലിലെ സക്കീന ബഷീറും തമ്മിലാണ് പ്രധാന മത്സരം. ബിജെപിയുടെ ശാന്തയും മത്സര രംഗത്ത് സജീവമാണ്.

വർഷങ്ങളായി മുസ്്ലീം ലീഗ് കുത്തകയാക്കി വെച്ചിരിക്കുന്ന അഞ്ചാം വാർഡ് ഇത്തവണ പിടിച്ചെടുക്കുമെന്ന വാശിയാണ് ഇടത് മുന്നണി പ്രവർത്തകർക്കുള്ളത്.  എന്നാൽ വിട്ട് കൊടുക്കില്ലെന്ന പിടിവാശി ലീഗിനുമുണ്ട്. ആകെയുള്ള 1613 വോട്ടുകളിൽ പോൾ ചെയ്യുന്ന വോട്ടുകൾ 1300 ഓളം മാത്രമേ വരികയുള്ളുവെന്നാണ് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലുള്ളവരുടെ അഭിപ്രായം. ഇതിനാൽ ബിജെപിക്ക് പോവുന്ന വോട്ടുകൾ കഴിച്ചുള്ള വോട്ടുകൾക്കാണ് ഇടത് വലത് മുന്നണികളുടെ സ്ഥാനാർത്ഥികൾ പോരടിക്കുന്നത്. വിജയം ആരെ തുണക്കുമെന്നത് പ്രവചനാതീതം തന്നെ. ഇപ്രകാരം 18-ാം വാർഡിലും ഐഎൻഎല്ലും മുസ്്ലീം ലീഗും തമ്മിൽ കടുത്ത പോരാട്ടമാണ്. ബിജെപി സ്ഥാനാർത്ഥി മത്സര രംഗത്തുണ്ടെങ്കിലും, പ്രധാന മത്സരം 18-ാം വാർഡിലും മുസ്്ലീം ലീഗും ഐ എൻ എല്ലും തമ്മിലാണ്. മുസ്്ലീം ലീഗിലെ ആവിക്കര ഇബ്രാഹിമിനെ നേരിടുന്നത് ഐഎൻഎൽ സ്ഥാനാർത്ഥി കുഞ്ഞി മൊയിതീനാണ്.

യുവ മോർച്ച നേതാവ് വിനീത് കൊളവയലും മത്സര രംഗത്തുണ്ട്. 2300 വോട്ടർമാരുള്ള 18-ാം വാർഡായ മുട്ടുന്തലയിൽ കുടുംബ വോട്ടുകളുടെ പിൻബലത്തിൽ വലിയ വിജയ പ്രതീക്ഷയിലാണ് കുഞ്ഞി മൊയിതീൻ ഗൾഫ് വ്യാപാരി കൂടിയായ കുഞ്ഞിമൊയ്തീന് വോട്ടർമാരുമായി നല്ല ബന്ധമാണുള്ളത്.  ഇതെല്ലാം വോട്ടാക്കി മാറ്റുമെന്ന് തന്നെയാണ് കുഞ്ഞി മൊയ്തീന്റെ വിശ്വാസം. എന്നാൽ യുഡിഎഫിന് വിജയം ആവർത്തിക്കാനാവുമെന്ന പ്രതീക്ഷ കൈവിടാതെയാണ് ആവിക്കര ഇബ്രാഹിമും രംഗത്തുള്ളത്. വിജയം ആരെ തുണക്കുമെന്നതിന് 16 വരെ കാത്തിരിക്കണം.

LatestDaily

Read Previous

ചട്ടഞ്ചാലിൽ ഏ.ഏ. റഹീമിന്റെ പ്രസംഗം തടസ്സപ്പെടുത്തി

Read Next

കനത്ത പോളിംഗ്; സ്ത്രീകൾ ഒഴുകിയെത്തി