ഹിമാചലിനും ഗുജറാത്തിനും പിന്നാലെ കര്‍ണാടകയിലും ഏക വ്യക്തി നിയമം ആയുധമാക്കാന്‍ ബിജെപി

ബെംഗളൂരു: ഹിമാചൽ പ്രദേശിനും ഗുജറാത്തിനും പിന്നാലെ കർണാടകയിലും ഏക വ്യക്തി നിയമം ബിജെപി ചർച്ചയാക്കുന്നു. പാർട്ടിയുടെ പ്രകടനപത്രികയിൽ പരാമർശിച്ചിട്ടുള്ള ‘ഏക വ്യക്തി നിയമം’ സംസ്ഥാനത്ത് നടപ്പാക്കുന്നത് ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.

ശിവമോഗ ജില്ലയിലെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. “വിവിധ സംസ്ഥാനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് കമ്മിറ്റി രൂപീകരിക്കുന്നുണ്ട്. സംസ്ഥാനത്തും അതേ പറ്റി പഠനം നടന്നുകൊണ്ടിരിക്കുന്നു. നിയമം നടപ്പിലാക്കൽ പ്രധാനമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുജറാത്തിൽ ഏക വ്യക്തി നിയമം നടപ്പാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ പ്രകടനപത്രികയിൽ പ്രഖ്യാപിച്ചിരുന്നു. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും ഏക വ്യക്തി നിയമം പ്രധാന ആയുധമായി ബി.ജെ.പി ഉപയോഗിച്ചു. 2023 ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ ഏക വ്യക്തിനിയമം പ്രചാരണ വിഷയമാക്കാനാണ് ബിജെപിയുടെ നീക്കം.

Read Previous

ഭരണഘടനയുടെ ഒന്നാം ഭേദഗതി അസാധുവാക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കാൻ സുപ്രീംകോടതി

Read Next

പുതിയ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി