രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തൃശൂരിൽ ‘പുലികളിറങ്ങി’

തൃശൂർ: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മാറ്റൊട്ടും കുറയാതെ പുലികളിറങ്ങി.പൂങ്കുന്നം, കാനാട്ടുകര, അയ്യന്തോൾ, വിയ്യൂർ സെന്‍റർ, ശക്തൻ പുലികളി സംഘം എന്നിവയാണ് ഇത്തവണ ചുവടുവയ്ക്കുന്ന അഞ്ച് ടീമുകൾ. ഇതിൽ ആദ്യ മൂന്ന് ഗ്രൂപ്പുകൾ എംജി റോഡ് വഴി സ്വരാജ് റൗണ്ടിൽ പ്രവേശിക്കും. വിയ്യൂർ സംഘം ബിനി ജംഗ്ഷൻ വഴിയും ശക്തൻ ടീം എം.ഒ റോഡ് വഴിയും സ്വരാജ് റൗണ്ടിൽ എത്തും.

5 ഗ്രൂപ്പുകളിലായി 250 ലധികം കലാകാരൻമാരാണ് പങ്കെടുക്കുന്നത്. വീറും വാശിയും കുറയാതെ സ്വരാജ് റൗണ്ടിൽ അവർ ചുവടുവയ്ക്കും. പുലികളിയുടെ സമാപനത്തോടെ വിജയികളെ പ്രഖ്യാപിക്കുമെങ്കിലും മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും പങ്കെടുക്കാൻ കഴിയാത്തതിനാൽ പതിവ് സമ്മാന വിതരണ ചടങ്ങ് ഉണ്ടാകില്ല. ആ ചടങ്ങ് മറ്റൊരു ദിവസം നടക്കും.

എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം നടക്കുന്നതിനാൽ പുലികളി ആഘോഷം മാറ്റിവയ്ക്കേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള പുലികളിക്ക് ഒരുങ്ങിയിരുന്ന പുലിമടകളിലെ ആവേശം കെടുത്തുന്നതായിരുന്നു ആ തീരുമാനം. എന്നാൽ ഒരുക്കങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ പുലികളി മാറ്റുന്നത് സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് സംഘങ്ങൾ ജില്ലാ ഭരണകൂടത്തെ അറിയിച്ചു. തുടർന്ന് പുലികളി മാറ്റേണ്ടതില്ലെന്ന് ടൂറിസം വകുപ്പ് അറിയിക്കുകയായിരുന്നു.

K editor

Read Previous

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാനാകില്ല; ഗുലാം നബി ആസാദ്

Read Next

ഭാരത് ജോഡോ യാത്ര പൂർത്തിയാകുമ്പോള്‍ ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പം അണിചേരും ; കെസി വേണുഗോപാല്‍