25 വർഷങ്ങൾക്കു ശേഷം റീറിലീസിനൊരുങ്ങി ടൈറ്റാനിക്

ഹോളിവുഡ് സിനിമകൾ അധികം കണ്ടിട്ടില്ലാത്തവർ പോലും ഉറപ്പായും അനുഭവിച്ചറിഞ്ഞിട്ടുള്ള ഇതിഹാസ ചിത്രമാണ് ടൈറ്റാനിക്. തിയേറ്റർ റിലീസിന്‍റെ 25-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി ചിത്രം വീണ്ടും റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് നിർമ്മാതാക്കൾ. മുൻകാലങ്ങളിൽ ചിത്രം തിയേറ്ററുകളിൽ കണ്ടിട്ടുള്ളവർക്ക് പോലും പുതിയ അനുഭവം സമ്മാനിക്കുന്ന തരത്തിൽ 4കെ 3ഡിയിലേക്ക് റീമാസ്റ്ററിം​ഗ് ചെയ്താണ് ചിത്രം റിലീസിനെത്തുന്നത്. ഇതോടനുബന്ധിച്ച് പുതിയ ട്രെയിലറും അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്.

ഈ വർഷം വാലന്‍റൈൻസ് ദിനത്തിൽ ചിത്രം റീ റിലീസ് ചെയ്യും. ജാക്കിന്‍റെയും റോസിന്‍റെയും പ്രണയകഥ സിനിമ പ്രേമികൾക്ക് കൂടുതൽ വ്യക്തമായി കാണാൻ വീണ്ടും അവസരമൊരുങ്ങുകയാണ്. 1997 ലെ ക്രിസ്മസ് റിലീസിനെത്തിയ ഈ ചിത്രം സംവിധാനം ചെയ്തത് അവതാർ ദി വേ ഓഫ് വാട്ടറിന്‍റെ സംവിധായകൻ ജെയിംസ് കാമറൂണാണ്. സ്ക്രിപ്റ്റും അദ്ദേഹത്തിൻ്റെയാണ്.

ഒരു ചരിത്രസംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ജെയിംസ് കാമറൂണിന്‍റെ ദുരന്ത പ്രണയകഥ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയങ്ങളെ വൈകാരികമായി സ്പർശിച്ചിട്ടുണ്ട്. അതുവരെയുള്ള എല്ലാ ബോക്സ് ഓഫീസ് റെക്കോർഡുകളും ചിത്രം തകർത്തിരുന്നു. റിലീസ് ചെയ്ത് 25-ാം വർഷത്തിലേക്ക് കടക്കുമ്പോഴും ലോകത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് ഹിറ്റുകളുടെ പട്ടികയിൽ ടൈറ്റാനിക് ഇപ്പോഴും മൂന്നാം സ്ഥാനത്താണ്. ചിത്രം 11 ഓസ്കാർ അവാർഡുകളും നേടിയിട്ടുണ്ട്.

Read Previous

ആർബിഐ ഡെപ്യൂട്ടി ഗവർണർ മൈക്കൽ ദേബബ്രത പത്രയുടെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി കേന്ദ്രം

Read Next

സായുധ സേനയ്ക്ക് ആയുധങ്ങൾ വാങ്ങുന്നതിനായി 4,276 കോടി രൂപയുടെ കരാറിന് അംഗീകാരം