പിഴയൊടുക്കാൻ 500 ദിർഹം ഇല്ലാത്തതിനാൽ അഫ്സൽ വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ടു

കാഞ്ഞങ്ങാട്: ദുബൈ വിമനത്താവളത്തിൽ പിഴയൊടുക്കാൻ 500 ദിർഹം കയ്യിൽ കുറവായതിനാൽ വിമാനത്തിൽ കയറാൻ കഴിയാത്തത് കൊണ്ടാണ് മട്ടന്നൂരിലെ പെരിയത്ത് പി. അഫ്സൽ  ഇപ്പോൾ സുഖമായി കഴിയുന്നത്.

കരിപ്പൂരിൽ ഇന്നലെ രാത്രി അപകടത്തിൽപ്പെട്ട വിമാനത്തിൽ കയറാൻ ടിക്കറ്റെടുത്ത അഫ്സൽ ദുബൈ വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിസയുടെ കാലാവധി കഴിഞ്ഞതിനാൽ ആയിരം ദിർഹം പിഴയൊടുക്കാൻ എയർപോർട്ട് എമിഗ്രേഷൻ വിഭാഗം ആവശ്യപ്പെട്ടത്.

എന്നാൽ 500 ദിർഹം മാത്രമേ അഫ്സലിന്റെ കൈയ്യിൽ ഉണ്ടായിരുന്നുള്ളു. ഇക്കാരണത്താൽ വിമാനം കയറാൻ കഴിഞ്ഞില്ല.

വിമാനം പറന്നുയർന്നത് വേദനയോടെ നോക്കിക്കണ്ട അഫ്സൽ ഒടുവിൽ ദുബൈ ദേരയിലെ ഒരു ബന്ധുവിന്റെ മുറിയിലെത്തി ക്ഷീണം കൊണ്ട് കിടന്നുറങ്ങി എഴുന്നേറ്റപ്പോഴാണ് താൻ കയറേണ്ടിയിരുന്ന വിമാനം  അപകടത്തിൽപ്പെട്ട വാർത്ത ടിവിയിലൂടെ കണ്ടത്. അതോടെ നാട്ടിലത്താൻ കഴിയാത്തതിലുള്ള നിരാശ സന്തോഷത്തിന് വഴിമാറുകയായിരുന്നു.

ഉമ്മയുടെ പ്രാർത്ഥനയുടെ പുണ്യമാണ് തനിക്ക്  കിട്ടിയതെന്ന് അഫ്സൽ ദുബൈയിൽ നിന്ന് ഫോണിൽ  പറഞ്ഞു.

കയ്യിലില്ലാതെപോയ 500 ദിർഹം  ആയുസ് നീട്ടിത്തന്നു എന്നോർക്കുമ്പോൾ അഫ്സലിന്റെ സന്തോഷത്തിന് അതിരുകളില്ല.

LatestDaily

Read Previous

വെള്ളക്കെട്ടിൽ ലാൻഡിങ് പാടില്ലായിരുന്നു

Read Next

വ്യാപാര സ്ഥാപനങ്ങൾ ക്കെതിരെ വ്യാജ പ്രചരണം