വയനാട്ടില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

മാനന്തവാടി: വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. എടവക എള്ളുമന്ദത്തെ പിണക്കല്‍ പി.ബി നാഷിന്‍റെ ഫാമിലെ പന്നികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച് 13 പന്നികൾ ആണ് ഇവിടെ ചത്തത്.

കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ഫാമിലെ പന്നികൾ ചത്തൊടുങ്ങാൻ തുടങ്ങിയത്. ബെംഗളൂരുവിലെ സതേൺ റീജിയണൽ ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലാണ് സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചത്. ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഫാമിലെ അവശേഷിക്കുന്ന 23 പന്നികളെയും ഫാമിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെയും ഇലക്ട്രിക് സ്റ്റണ്ണർ സംവിധാനം ഉപയോഗിച്ച് കൊന്നൊടുക്കും.

രോഗം സ്ഥിരീകരിച്ച ഫാമിലേയും ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മൂന്ന് ഫാമുകളിലേയുമടക്കം 148 പന്നികളെ കൊല്ലേണ്ടി വരുമെന്ന് എടവക വെറ്ററിനറി സർജൻ ഡോ. സീലിയ ലൂയിസ് പറഞ്ഞു. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ കെ.എസ്. സുനില്‍, വെറ്ററിനറി സര്‍ജന്‍മാരായ ഡോ. വി. ജയേഷ്, ഡോ. ഫൈസല്‍ യൂസഫ്, ഫീല്‍ഡ് അസിസ്റ്റന്റ്, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരടങ്ങുന്ന 12 അംഗ ആര്‍.ആര്‍.ടി. സംഘമാണ് നടപടികള്‍ പൂര്‍ത്തിയാക്കുക.

K editor

Read Previous

ഗവർണർ-സർക്കാർ പോര്; നയപ്രഖ്യാപന പ്രസംഗം നീട്ടുന്ന സാധ്യതകൾ പരിഗണിച്ച് സർക്കാർ

Read Next

ഏഷ്യൻ എയർഗൺ ചാമ്പ്യൻഷിപ്പ്; എയർ റൈഫിളിൽ ദിവ്യാൻഷ് സിംഗ് പൻവാറിന് സ്വർണം