‘എയ്റോ ഇന്ത്യ 2023’ന് ബെംഗളൂരുവിൽ തുടക്കം; പ്രതീക്ഷിക്കുന്നത് 75,000 കോടിയുടെ നിക്ഷേപം

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ എയ്റോ എക്സിബിഷനായ ‘എയ്റോ ഇന്ത്യ 2023’ ബെംഗളൂരുവിൽ ആരംഭിച്ചു. യെലഹങ്ക വ്യോമസേന താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പോർ, സിവിലിയൻ, ചരക്ക് വിമാനങ്ങളുടെ കരുത്ത് പ്രകടമാക്കുന്ന 14–ാമത് എയ്റോ ഇന്ത്യ പ്രദർശനം ഉദ്ഘാടനം ചെയ്തത്. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ആകാശ പ്രകടനം 17ന് സമാപിക്കും.

“എയ്റോ ഇന്ത്യ രാജ്യത്തിന്‍റെ പുതു ശക്തിയും അഭിലാഷങ്ങളും പ്രതിഫലിപ്പിക്കുന്നു. തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധവിമാനവും വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തും ഇന്ത്യയുടെ ശക്തിയുടെയും കഴിവിന്‍റെയും സാക്ഷ്യപത്രങ്ങളാണ്. എക്സിബിഷനപ്പുറം ഇവിടെ ഇന്ത്യയുടെ കരുത്താണ് പ്രകടമാകുന്നത്. പുതിയ ഇന്ത്യ കഠിനാധ്വാനം ചെയ്യും, അവസരങ്ങൾ നഷ്ടപ്പെടുത്തില്ല. ‘മെയ്ക്ക് ഇൻ ഇന്ത്യ’ നയപ്രകാരം, അന്താരാഷ്ട്ര കമ്പനികളോട് സാങ്കേതികവിദ്യ കൈമാറാനോ ഇവിടെ നിർമ്മിക്കാനോ ആവശ്യപ്പെടുന്നുണ്ട്,” പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യൻ യുദ്ധവിമാനങ്ങൾക്ക് പുറമെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളും അഭ്യാസം നടത്തും. എയറോ ഇന്ത്യ എക്സിബിഷനായി രജിസ്റ്റർ ചെയ്ത 809 കമ്പനികളിൽ 110 എണ്ണം വിദേശ രാജ്യങ്ങളിൽ നിന്നുള്ളവയാണ്. പ്രതിരോധ മന്ത്രാലയവും പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡിആർഡിഒ) സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. 1996ലാണ് എയ്റോ ഇന്ത്യ പ്രദർശനത്തിന് ആദ്യമായി ബെംഗളൂരു വേദിയായത്. വിവിധ കരാറുകളിലൂടെ 75,000 കോടി രൂപയുടെ നിക്ഷേപമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.

K editor

Read Previous

ഡൽഹിയിൽ അനധികൃത നിർമാണമാണെന്ന് ആരോപിച്ച് പൊളിക്കൽ; പ്രതിഷേധം വ്യാപകം

Read Next

വ്യക്തിപരമായും തൊഴില്‍പരമായും അധിക്ഷേപം; സോഷ്യല്‍ മീഡിയ വിടുന്നെന്ന് ജോജു ജോര്‍ജ്ജ്