അഭിഭാഷകനെ കയ്യേറ്റം ചെയ്യാൻ ആഹ്വാനം : 2 പേർക്കെതിരെ പരാതി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ അഭിഭാഷകൻ സി. ഷുക്കൂറിനെതിരെ വാട്സ്ആപ്പ് കൂട്ടായ്മ  വഴി കലാപാഹ്വാനം നൽകിയവർക്കെതിരെ പോലീസിൽ പരാതി. കുവൈറ്റ് കെ.എംസിസി നേതാവായ ആറങ്ങാടിയിലെ ഏ.കെ. മുഹമ്മദ്, യാസിർ ആവിയിൽ എന്നിവർക്കെതിരെയാണ് സി.ഷുക്കൂർ  ഹോസ്ദുർഗ്ഗ് പോലീസ് ഇൻസ്പെക്ടർക്ക് പരാതി കൊടുത്തത്.

ഷാഫൻഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ പരാതിക്കാരെ സഹായിച്ചതിന്റെ പേരിൽ സി.ഷുക്കൂറിനെതിരെ ഏ.കെ. മുഹമ്മദ് സന്ദേശം പുറത്തു വിട്ടിരുന്നു. ഷുക്കൂർ മുസ്്ലീങ്ങളെ ബുദ്ധിമുട്ടിക്കുന്നയാളാണെന്നും, ഫാഷൻ ഗോൾഡ് കേസിൽ ഖമറുദ്ദീനെ ബുദ്ധിമുട്ടിച്ച വക്കീലിനോട് പകരം ചോദിക്കാൻ ആറങ്ങാടിയിൽ ആരുമില്ലേയെന്നുമാണ് മുഹമ്മദ് വാട്സ് ആപ്പ് ശബ്ദസന്ദേശത്തിൽ പറഞ്ഞത്.

ലീഗിനെ ബുദ്ധിമുട്ടിക്കുന്നവരെ കായികമായി നരിടണമെന്ന ധ്വനിയുയർത്തുന്ന സന്ദേശമാണ് ലീഗിന്റെ പ്രവാസി സംഘടനാ നേതാവ് പുറത്തുവിട്ടത്. കൂടാതെ ലീഗ് പ്രവർത്തകരുടെ വാട്സ് ആപ്പ്  കൂട്ടായ്മയായ പച്ചപ്പടയിലാണ് ആവിയിലെ യാസിർ ഷുക്കൂറിനെതിരെ കലാപഹ്വാനം നൽകിയത്. ഇനിയുമൊരു ഷുക്കൂർ ഇവിടെ വാഴാൻ പാടില്ലെന്നും മാപ്പിള സഖാക്കൾക്ക് തിരിച്ചടി കൊടുക്കണമെന്നുമാണ് യാസിറിന്റെ സന്ദേശത്തിന്റെ കാതൽ.

മാപ്പിള സഖാക്കൾക്ക് തിരിച്ചടി കൊടുക്കണമെന്ന വാട്സ്ആപ്പ് സന്ദേശം പുറത്തിറങ്ങിയ ദിവസം തന്നെയാണ് കല്ലൂരാവി മുണ്ടത്തോട്ട് പഴയകടപ്പുറത്തെ ഔഫ് അബ്ദുൾ റഹ്മാൻ കൊല്ലപ്പെട്ടതെന്നും സി.ഷുക്കൂർ പോലീസിൽ നൽകിയ പരാതിയിൽപ്പറയുന്നു. തന്നെ കായികമായി നേരിടാനും ഇല്ലാതാക്കാനുമുള്ള ആഹ്വാനമാണ് ഏ.കെ. മുഹമ്മദും, യാസിർ ആവിയിലും നൽകിയതെന്നാണ് സി.ഷുക്കൂറിന്റെ പരാതി.

ലീഗ് സഹയാത്രികനായിരുന്ന സി. ഷുക്കൂർ കുറേക്കാലമായി ഇടതുപക്ഷ അനുഭാവിയാണ്. എം,സി ഖമറുദ്ദീൻ എംഎൽഏ പ്രതിയായ ഫാഷൻ ഹോൾഡ് നിക്ഷേപത്തട്ടിപ്പിൽ പരാതിക്കാരായ നിക്ഷേപകരെ ഇദ്ദേഹം സഹായിച്ചത് ലീഗ് നേതാക്കൾക്ക് വൈരാഗ്യത്തിന് കാരണമായിട്ടുണ്ട്. ഇതിന് പുറമെ തൃക്കരിപ്പൂരിലെ വഖഫ് ഭൂമി എം.സി ഖമറുദ്ദീൻ ചുളുവിലയ്ക്ക് തട്ടിയെടുക്കാൻ ശ്രമിച്ചതിനെതിരെയും ഇദ്ദേഹം പ്രതികരിച്ചിരുന്നു. 

LatestDaily

Read Previous

ചോരക്കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ ഡിഎൻഎ പരിശോധിക്കും

Read Next

വോട്ട് മറിച്ച ലീഗ് കൗൺസിലർമാരെ ആദരിച്ചത് നാണക്കേടായെന്ന് ലീഗണികൾ