അദ്വൈതിന്റെ വിസറ പരിശോധനയ്ക്ക്

കാഞ്ഞങ്ങാട്: ഛർദ്ദിയെ തുടർന്ന് മരണപ്പെട്ട നാലര വയസ്സുകാരൻ അജാനൂർ കടപ്പുറത്തെ അദ്വൈതിന്റെ വിസറ വിദഗ്ദ പരിശോധനയ്ക്കായി കോഴിക്കോട് ലാബിലേക്കയച്ചു. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അദ്വൈദിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയതിൽ മരണം ഛർദ്ദിക്കിടെ ശ്വാസകോശത്തിൽ ഭക്ഷണാവശിഷ്ടം കുടുങ്ങിയും, ന്യൂമോണിയയും, പനിയും ബാധിച്ചാണെന്നും പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകിയ പോലീസ്

സർജൻ ഗോപാലകൃഷ്ണപ്പിള്ള പോലീസിന് റിപ്പോർട്ട് നൽകി. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഛർദ്ദിയുണ്ടായ കുട്ടിയെ വെള്ളിയാഴ്ച രാവിലെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മരണപ്പെടുകയായിരുന്നു. വ്യാഴാഴ്ച അദ്വൈതും കുടുംബവും ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണി കഴിച്ചിരുന്നു. ഭക്ഷണത്തിൽ നിന്നുമുണ്ടായ വിഷബാധയാണോ മരണകാരണമെന്ന സംശയമുയർന്നിരുന്നു.

ന്യൂമോണിയയും പനിയും മരണകാരണമായെന്ന് ഡോക്ടർ സൂചന നൽകിയെങ്കിലും മരണത്തിന് മറ്റ് കാരണങ്ങളെന്തെങ്കിലുമുണ്ടോയെന്ന് കൂടി ഉറപ്പ് വരുത്താനാണ് അദ്വൈദിന്റെ വിസറ പോലീസ് വിദഗ്ധ പരിശോധനയ്ക്കയച്ചത്. കുട്ടിയുടെ മൃതദേഹം അജാനൂർ ശ്മശാനത്തിൽ സംസ്ക്കരിച്ചു. അദ്വൈതിന്റെ മാതാവിന്റെ അനുജത്തി ദൃശ്യ പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിൽസയിലാണ്. അദ്വൈതിന്റെ അനുജൻ നിസാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും കുട്ടി സുഖം പ്രാപിച്ചു.

LatestDaily

Read Previous

രമേശന് ഓടാനറിയാം, പിന്നെ ചാടാനും ബേബിയും സുജാതയും പടിക്ക് പുറത്ത്

Read Next

ബ്ലേഡ് സുനിലിനെതിരെയുള്ള കേസന്വേഷണം പാതിവഴിയിൽ