യുവതിയുടെ കൊലയ്ക്ക് കാരണം ഭർത്താവിന്റെ സംശയരോഗം

ജെസിബി ഡ്രൈവറെ ഭാര്യ നിരന്തരം വിളിക്കുന്നുവെന്ന് ഭർത്താവ്  പോലീസിൽ പരാതി നൽകിയിരുന്നു

 ആദൂർ: ആദൂർ കാനത്തൂർ ലക്ഷം വീട് കോളനിയിൽ ഭർത്താവിന്റെ വെടിയേറ്റ് മരിച്ച യുവതിയുടെയും തൂങ്ങി മരിച്ച ഭർത്താവിന്റെയും  മൃതശരീരങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റു വാങ്ങി സംസ്കരിച്ചു. ശനിയാഴ്ച്ച ഉച്ചയോടെയാണ്  കാനത്തൂരിൽ നാടിനെ നടുക്കിയ കൊലപാതകവും, തൂങ്ങി മരണവും നടന്നത്.

കാനത്തൂരിലെ വിജയനാണ്  42, ഭാര്യ ബേബിയെ വെടിവെച്ച് കൊന്ന ശേഷം വീടിന് തൊട്ടടുത്ത് തൂങ്ങി മരിച്ചത്. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിന് കാരണം. തന്റെ ഭാര്യ ഒരു ജെസിബി ഡ്രൈവറെ നിരന്തരം  ഫോണിൽ  വിളിക്കുന്നുണ്ടെന്നാരോപിച്ച് വിജയൻ  ജനുവരി 8-ന് പോലീസിൽ പരാതി കൊടുത്തിരുന്നു. ഇതിന്റെ  തൊട്ടടുത്ത ദിവസം  തന്നെയാണ്  ഇയാൾ നാടൻ തോക്ക് കൊണ്ട് ഭാര്യയെ വെടിവെച്ച് കൊന്നത്.

സ്ഥിരമായി മദ്യപിക്കുന്ന വിജയന് ഭാര്യയെ എപ്പോഴും സംശയമായിരുന്നു. മദ്യപിച്ച്  വീട്ടിലെത്തുന്ന ഇദ്ദേഹം ഭാര്യയെ  സംശയത്തിന്റെ  പേരിൽ മർദ്ദിക്കുന്നതും പതിവായിരുന്നു. മർദ്ദനത്തിൽ പൊറുതി മുട്ടിയ ബേബി ഭർത്താവിനെതിരെ പോലീസിൽ പരാതിയും കൊടുത്തിരുന്നു. തൊഴിലുറപ്പ് ജോലിയെടുക്കുന്ന ബേബി ജെസിബി ഡ്രൈവറെ ഒരു തവണ ഫോണിൽ ബന്ധപ്പെട്ടത് മണ്ണെടുക്കുന്ന ജോലിക്ക് വേണ്ടിയായിരുന്നെന്ന് വ്യക്തമായിട്ടുണ്ട്.

മാതാപിതാക്കൾ മരിച്ചതോടെ അനാഥനായ ഇവരുടെ 6 വയസ്സുള്ള മകൻ അഭിഷേകിനെ ബേബിയുടെ സഹോദരിയുടെ  കുണ്ടംകുഴിയിലുള്ള വീട്ടിലേക്ക് കൊണ്ടു പോയിരിക്കുകയാണ്.  കൊല നടന്ന വീട്ടിൽ ഫോറൻസിക് വിഭാഗം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.  ബേബിയെ  വെടി വെയ്ക്കാനുപയോഗിച്ച നാടൻ തോക്ക്  ബാലിസ്റ്റിക് വിദഗ്ദർ പരിശോധിക്കും. ലൈസൻസില്ലാത്ത തോക്കായതിനാൽ വിജയന്  തോക്ക് കിട്ടിയത് എവിടെ നിന്നാണെന്നും കണ്ടെത്തേണ്ടതുണ്ട്.

യുവതിയുടെ കൊലപാതകത്തിൽ ആദൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ തോക്കിന്റെ പരിശോധനാ റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും ലഭിക്കുന്നതോടെ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ  സമർപ്പിക്കും.  കേസിലെ പ്രതി മരിച്ചു പോയതിനാൽ കുറ്റപത്രം റദ്ദാക്കാനുള്ള റിപ്പോർട്ടും കോടതിക്ക്  സമർപ്പിക്കും. തലയ്ക്കേറ്റ വെടിയാണ് ബേബിയുടെ മരണകാരണമെന്ന്  പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്.

Read Previous

കാഞ്ഞങ്ങാട് നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി വീതം വെക്കലിന് പിന്നിൽ പിൻവാതിൽ ഭരണനീക്കം

Read Next

വനിതാ പുരസ്കാരം കാഞ്ഞങ്ങാട് സ്വദേശിനിക്ക്