നടി ഷംനയെ ഭീഷണിപ്പെടുത്തിയ സംഘം മറ്റൊരു തട്ടിപ്പും നടത്തി

കൊച്ചി: നടി ഷംനകാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ കൂടുതല്‍പേരെ തട്ടിപ്പിന് ഇരയാക്കാന്‍ ശ്രമിച്ചു.

സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു പെണ്‍കുട്ടികൂടി ഇന്ന് പരാതിയുമായി   പോലീസിലെത്തി. പ്രാഥമിക അന്വേഷണത്തിനുശേഷം നടപടിയെന്ന് പോലീസ്.

അതേസമയം, വിവാഹാലോചനയുമായി ഷംനകാസിമിന്റെ വീട്ടിലെത്തിയ സംഘം വീടിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയശേഷം പണം ആവശ്യപ്പെടുകയായിരുന്നു.  തട്ടിപ്പ് ബോധ്യപ്പെട്ട ഷംനയുടെ ഉമ്മ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ്  പോലീസ് കേസെടുത്തത്.

കാസര്‍കോട് സ്വദേശിയായ ടിക്ടോക്ക് താരത്തിന്റെ പേരിലാണ് തട്ടിപ്പ് സംഘം ഷംനയെ വിളിച്ചത്. 

വിവാഹത്തിന് താല്‍പര്യമുണ്ടെന്നും, ബന്ധുക്കള്‍ കാണാൻ വരുമെന്നും ഫോണില്‍ അറിയിച്ചു. ഇതനുസരിച്ച് നാലംഗ സംഘമാണ് ഈ മാസം ആദ്യം മരടിലെ വീട്ടിലെത്തി.

മാതാപിതാക്കളുമായി  സംസാരിച്ചശേഷം ഇവര്‍ വീടിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ഇത് തടഞ്ഞതോടെ സംഘം വീട്ടില്‍ നിന്ന് മടങ്ങി. തുടര്‍ന്നാണ് തട്ടിപ്പുകാരിലൊരാള്‍ ഫോണില്‍ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടത്.

പണം നല്‍കിയില്ലെങ്കില്‍ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. പോലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞതോടെ ഇവര്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് ഷംനയുടെ മാതാവ്  കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

തുടക്കത്തില്‍ സംശയമൊന്നും തോന്നാത്തരീതിയില്‍ ഏറെ അടുപ്പത്തിലാണ് ഇവര്‍ സംസാരിച്ചത് . മാത്രമല്ല ഇവര്‍ നല്‍കിയ മേല്‍വിലാസം ശരിയായിരുന്നെന്നും  ഷംന കാസിം പറഞ്ഞു.

ഷംനയുടെ അമ്മയുടെ പരാതിയില്‍ തൃശ്ശൂര്‍ സ്വദേശികളായ നാലു പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.

വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്, ചേറ്റുവ സ്വദേശി അഷ്റഫ് എന്നിവരാണ് പിടിയിലുള്ളത്. മൂന്നു പേരെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.

ഷംനയില്‍ നിന്ന് പ്രതികള്‍ 10 ലക്ഷം രൂപ ലക്ഷ്യമിട്ടതായാണ് വിവരം. ദുബായിലെ ബിസിനസ് അത്യാവശത്തിന് പണം ആവശ്യപ്പെടാന്‍ ആയിരുന്നു പദ്ധതി. പ്രതി ഷംനയെ വിളിച്ചത് അന്‍വര്‍ എന്ന പേരിലായിരുന്നു.

പോലീസ് അറസ്റ്റ് ചെയ്ത റഫീഖ് ആണ് അന്‍വര്‍ ആയി അഭിനയിച്ചത്. ഇയാള്‍ രണ്ട് കുട്ടികളുടെ പിതാവാണ്.

LatestDaily

Read Previous

കോവിഡ് മരുന്ന്: പതഞ്ജലിക്ക് നോട്ടീസ്

Read Next

വരന്റെ ചിത്രം കാസർകോട്ടെ ടിക്‌ടോക് താരത്തിന്റേത്