നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയ അന്വേഷണം ദിലീപിലേക്ക്

കാഞ്ഞങ്ങാട്: എറണാകുളത്ത് പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസ്സിൽ സാക്ഷിയായ ബേക്കൽ തൃക്കണ്ണാട് മലാംകുന്നിലെ വിപിൻലാലിനെ, നടൻ ദിലീപിന് അനുകൂലമായി സാക്ഷി പറയണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസ്സിൽ അന്വേഷണം നടൻ ദിലീപിലേക്ക് നീളും.


ബേക്കൽ പോലീസ് ഇൻസ്പെക്ടർ അനിൽകുമാർ എറണാകുളത്തെത്തി നിരവധി പേരെ ചോദ്യം ചെയ്തു. പോലീസ് എറണാകുളത്തെത്തുന്ന വിവരം കാഞ്ഞങ്ങാട്ട് നിന്നും ചോർന്നതിനെതുടർന്ന് പോലീസ് ചോദ്യം ചെയ്യാനുദ്ദേശിച്ചിരുന്ന ഉന്നതരടക്കമുള്ളവർ മുങ്ങി.


ഇവരെ ചോദ്യം ചെയ്യാനാവാതെയാണ് പോലീസ് മടങ്ങിയത്.
ദിലീപിനുവേണ്ടിയെന്ന് പറഞ്ഞ് വിപിൻലാലിനെ ഭീഷണിപ്പെടുത്തിയതിന് പിന്നിൽ ഒന്നിൽ കൂടുതൽ പേരുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ ഉന്നത ബന്ധമുള്ളവരാണെന്നും പോലീസ് ഉറപ്പിച്ചു.


വിപിൻലാലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്താനുപയോഗിച്ച സെൽഫോൺ സിം കാർഡ് ഉപയോഗിച്ച ആളെ കണ്ടെത്താൻ പോലീസിനായിട്ടില്ല. തമിഴ്നാട് സ്വദേശിയുടെ പേരിലുള്ള സിം, മറ്റൊരാൾ വിലകൊടുത്ത് വാങ്ങിയതാണെന്ന് കണ്ടെത്തിയിരുന്നു. വിലകൊടുത്ത് സിം വാങ്ങിയ മറ്റൊരു തമിഴ് യുവാവ് ആസിം എറണാകുളത്തുള്ള ആൾക്ക് കൈമാറുകയായിരുന്നു.


എറണാകുളം സ്വദേശിയെ ചോദ്യം ചെയ്തതിൽ, സിം വീണ്ടും മറ്റൊരാൾക്ക് കൈമാറിയതായി വിവരം ലഭിച്ചു. ഇത്തരത്തിൽ സിം നിരവധി പേർ വഴി കൈമാറ്റം ചെയ്യപ്പെട്ടാണ് പ്രതികളുടെ പക്കലെത്തിയത്. ഇത് കേസ്സന്വേഷണത്തിലിടപെടുന്നതിനും, പ്രതിയെ കണ്ടെത്താനും പോലീസിന് എളുപ്പമല്ലാതാക്കി തീർക്കുകയും ചെയ്തു.


യുവാവിനെ ഭീഷണിപ്പെടുത്തിയ ആളെ കണ്ടെത്തുന്നതോടെ അന്വേഷണം നിർണ്ണായകമാവും. നടന് വേണ്ടിയാണോ വിപിൻലാലിനെ ഭീഷണിപ്പെടുത്തിയതെന്ന് സ്ഥിരീകരിക്കാൻ ദിലീപിനെ ചോദ്യം ചെയ്യാനും സാധ്യത തെളിഞ്ഞു.


ദിലീപിന്റെ അറിവോട് കൂടിയാണ് വിപിൻലാലിനെ ഭീഷണിപ്പെടുത്തിയതെന്ന് സിം ഉപയോഗിച്ച പ്രതി പോലീസിന് മൊഴി നൽകിയാൽ, കേസ്സിൽ നടൻ കൂട്ട് പ്രതിയാകും. ബേക്കൽ പോലീസ് റജിസ്റ്റർ ചെയ്ത കേസ്സിൽ പ്രമുഖരുടെ ബന്ധത്തിനുള്ള തെളിവ് പുറത്തുവന്ന സാഹചര്യത്തിൽ അന്വേഷണം വഴിത്തിരിവിലായി.

LatestDaily

Read Previous

ഫാഷൻ ഗോൾഡ് തകർത്തതിന് പിന്നിൽ സ്വപ്നസുന്ദരിമാർ

Read Next

ഖമറുദ്ദീന്റെ അറസ്റ്റ്: ലീഗും യുഡിഎഫും പ്രതിരോധത്തിൽ