നടി ആക്രമിക്കപ്പെട്ട കേസ്സിൽ പോലീസ് നോട്ടീസ് ഗണേഷ്കുമാർ എംഎൽഏയുടെ സിക്രട്ടറി പോലീസിൽ ഹാജരാകണം

ബേക്കൽ: നടിയെ ആക്രമിച്ച കേസ്സിൽ മാപ്പു സാക്ഷിയായ ബേക്കൽ മലാംകുന്നിലെ വിപിൻലാലിനെ, വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസ്സിൽ ബേക്കൽ പോലീസ് സ്റ്റേഷനിൽ ഹാജരാവാൻ കെ.ബി. ഗണേഷ്കുമാർ എംഎൽഏയുടെ ഓഫീസ് സിക്രട്ടറിക്ക് പോലീസ് നോട്ടീസ് നൽകി. കൊല്ലം കോട്ടത്തല സ്വദേശി പ്രദീപ്കുമാറിന് അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് ബേക്കൽ പോലീസ് നേരിട്ട് നോട്ടീസ് നൽകിയത്.

വിപിൻലാലിന്റെ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസ്സിൽ അന്വേഷണ ഉദ്യോഗസ്ഥനായ ബേക്കൽ പോലീസ് ഇൻസ്പെക്ടർ ഏ. അനിൽകുമാറിന് മുമ്പാകെ ഈ ആഴ്ച ഹാജരാകാനാണ് നോട്ടീസ്. പ്രദീപ്കുമാർ നോട്ടീസ് കൈപ്പറ്റിയിട്ടുണ്ട്. 2020 ജനുവരി 24-ന് കാഞ്ഞങ്ങാട്ടെത്തിയ പ്രദീപ്കുമാർ, നടൻ ദിലീപിന്റെ വക്കീൽ ഗുമസ്തനാണെന്നാണ് പരിചയപ്പെടുത്തിയത്.

വിപിൻലാലിന്റെ ബന്ധു ജോലി ചെയ്യുന്ന കാസർകോട്ടെ ജ്വല്ലറിയിൽ പ്രദീപ്കുമാർ എത്തിയിരുന്നു. നടൻ ദിലീപിനെതിരെ പോലീസിൽ നൽകിയ മൊഴി മാറ്റാൻ വിപിൻലാലിനെ പ്രേരിപ്പിക്കണമെന്നായിരുന്നു നിർദ്ദേശം. പ്രതിഫലമായി ലക്ഷങ്ങൾ വാഗ്ദാനം ചെയ്തു. പണം വാങ്ങി തങ്ങൾക്ക് അനുകൂലമായി മൊഴി മാറ്റിയില്ലെങ്കിൽ, പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നാണ് ഭീഷണി. പിന്നീട് ഫോണിലൂടെ ഭീഷണിപ്പെടുത്തി.

തുടർന്നാണ് വിപിൻലാൽ പരാതിയുമായി ബേക്കൽ പോലീസിലെത്തിയത്. കാസർകോട്ടെ പ്രമുഖ ജ്വല്ലറിയിലെ സി.സി.ടി.വി ക്യാമറയിൽ പ്രദീപിന്റെ ചിത്രം പതിഞ്ഞതും, ഭീഷണിക്കുപയോഗിച്ച ഫോണിലെ സിംമ്മിന്റെ ഉടമയായ തമിഴ്നാട് സ്വദേശിയെ കണ്ടത്താനായതുമാണ്, പോലീസിന് കേസന്വേഷണം എളുപ്പമാക്കിയത്. നടിയെ ആക്രമിച്ച കേസിൽ ക്വട്ടേഷൻ തുക ആവശ്യപ്പെട്ട് പൾസർ സുനിക്കായി ജയിലിൽ നിന്നും കത്തയച്ചത് താനാണെന്ന വിപിൻലാലിന്റെ മൊഴി പിൻവലിക്കാനാണ് പ്രദീപ് ആവശ്യപ്പെട്ടത്.

ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ട് കൊ,്,ി കാക്കനാട് ജയിലിൽ കഴിയുന്നതിനിടെയാണ് വിപിൻലാൽ, സുനിക്ക് വേണ്ടി കത്തെഴുതിയത്.  പോലീസിന് മുന്നിൽ കീഴടങ്ങിയാൽ അറസ്റ്റുണ്ടാകുമെന്നുറപ്പിച്ച പ്രദീപ് കുമാർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് പോലീസിന് വിവരം ലഭിച്ചു. പ്രദീപ്കുമാർ അറസ്റ്റിലാകുന്നതോടെ, അന്വേഷണം നടൻ ദിലീപിലേക്ക് നീങ്ങും.

LatestDaily

Read Previous

അധ്യക്ഷ സ്ഥാനാർത്ഥി സുജാത ടീച്ചർ

Read Next

തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നിൽ