നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ

ന്യൂഡൽഹി : നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ജാമ്യ വിഷയത്തിൽ കഴിഞ്ഞ തവണ കോടതി സംസ്ഥാന സർക്കാരിന്റെ നിലപാട് തേടിയിരുന്നു.

കേസിലെ വിചാരണ നടപടികൾ ഇനിയും വൈകുമെന്നും പൾസർ സുനിയുടെ ജാമ്യാപേക്ഷയിൽ പറയുന്നു. കേസിൽ ജയിലിൽ കഴിയുന്ന ഏക പ്രതി താനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് മുഖ്യപ്രതി സുപ്രീം കോടതിയെ സമീപിച്ചത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് 2017 ഫെബ്രുവരി 23നാണ് പൾസർ സുനി അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതിയായ മാർട്ടിൻ ആന്‍റണിക്ക് ജസ്റ്റിസ് അജയ് രസ്തോഗിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കേസിലെ വിചാരണ എപ്പോള്‍ പൂര്‍ത്തിയാകുമെന്ന കാര്യം വ്യക്തമല്ലെന്ന് നിരീക്ഷിച്ചു കൊണ്ടായിരുന്നു കോടതിയുടെ നടപടി.

Read Previous

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ജയം

Read Next

ദോശമാവ് വീട്ടിലെത്തിക്കാൻ ആകര്‍ഷകമായ പദ്ധതിയുമായി ബെംഗളൂരു തപാല്‍ വകുപ്പ്