പ്രദീപ് കോട്ടത്തലക്കെതിരെ പോലീസ് കോടതിക്ക് റിപ്പോർട്ട് നൽകും

പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും

കാഞ്ഞങ്ങാട്: നടി ആക്രമണക്കേസ്സിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ ഗണേഷ്കുമാർ എംഎൽഏയുടെ സിക്രട്ടറി പ്രദീപ് കോട്ടത്തലക്കെതിരെ 34, പോലീസ് കോടതിക്ക് റിപ്പോർട്ട് നൽകും. ചോദ്യം ചെയ്യലുമായി പ്രദീപ് സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് റിപ്പോർട്ട് നൽകുക.

കസ്റ്റഡി സമയം അവസാനിക്കുന്ന നാളെ വൈകുന്നേരം പ്രദീപിനെ വീണ്ടും കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും. ബുധനാഴ്ച ഉച്ചയ്ക്ക് ഹൊസ്ദുർഗ് മജിസ്ട്രേറ്റ് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടുകൊടുത്ത പ്രതിയെ നാല് ദിവസമായി ചോദ്യം ചെയ്തിട്ടും, പ്രതി വിവരങ്ങൾ ഒന്നും പുറത്തുവിടാൻ തയ്യാറായില്ല. 

നടി ആക്രമണക്കേസ്സിൽ നടൻ ദിലീപിനെ പ്രതി സ്ഥാനത്ത് നിർത്തി സാക്ഷി പറഞ്ഞ ബേക്കൽ തൃക്കണ്ണാട് മലാംകുന്നിലെ വിപിൻലാലിനെ ഭീഷണിപ്പെടുത്തിയത് താനെല്ലെന്ന നിലപാട് പോലീസിന് മുന്നിൽ ആവർത്തിക്കുകയാണ് പ്രദീപ്. പ്രതിയെ കാസർകോട്, കാഞ്ഞങ്ങാട് ഭാഗങ്ങളിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പോലീസ് തെളിവടുപ്പ് നടത്തി. പ്രദീപ് വിപിൻ ലാലിന്റെ ബന്ധുവിനെ സന്ദർശിച്ച കാസർകോട്ടെ ജ്വല്ലറിയിലും, കാഞ്ഞങ്ങാട്ടെ ഹോട്ടൽ മുറിയിലുമെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി.

ഭീഷണിപ്പെടുത്താൻ മൊബൈൽ ഫോൺ സിം കാർഡ് കൈക്കലാക്കിയ, തമിഴ്നാട്ടിലും, ഗൂഢാലോചന നടത്തിയ കൊല്ലത്തുമെത്തിച്ച് പ്രദീപിനെ തെളിവെടുപ്പ് നടത്താനായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ആർക്കുവേണ്ടിയാണ് നടി ആക്രമണക്കേസ്സിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയതെന്ന സുപ്രധാന ചോദ്യത്തിന് പ്രദീപ് കോട്ടത്തല മറുപടി നൽകാത്ത സാഹചര്യത്തിൽ, തുടർന്നുള്ള പോലീസിന്റെ നീക്കം ശാസ്ത്രീയ തെളിവുകളുടെ ബലത്തിലാവും. പ്രമുഖരടക്കമുള്ള പ്രതികളിലേക്ക് അന്വേഷണം വ്യാപിക്കാൻ പ്രദിപിന്റെ ഔദ്യോഗിക സെൽ ഫോൺ സൈബർ സെല്ലിന്റെ സഹായത്തോടെ വിശദമായ അന്വേഷണത്തിന് വിധേയമാക്കും.  ഇതിനിടെ പ്രദീപ് സമർപ്പിച്ച ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കുന്നുണ്ട്.

LatestDaily

Read Previous

75 പൈസക്ക് ഊൺ നൽകിയ ഓർമ്മകളിൽ മുഹമ്മദ്സാലി എന്ന എയർലൈൻസ് സാലി

Read Next

മരവിപ്പിച്ചിട്ടില്ല : ജീവനോടെയുണ്ടെന്ന് മുസ് ലീം ലീഗ് വിമത സ്ഥാനാർത്ഥി