ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബേക്കൽ: സിനിമാ നടി ആക്രമിക്കപ്പെട്ട കേസ്സിൽ സാക്ഷിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി പ്രദീപ് കോട്ടത്തലയെ 50, കൊട്ടാരക്കരയിൽ അറസ്റ്റ് ചെയ്തു. കാസർകോട്ട് നിന്നെത്തിയ പോലീസ് സംഘം ഇന്ന് പുലർച്ചെ പ്രദീപിന്റെ കൊട്ടാരക്കരയിലുള്ള വസതിയിലാണ് അറസ്റ്റ് ചെയ്തത്. ബേക്കൽ മലാങ്കുന്ന് സ്വദേശി വിപിൻലാൽ നടി ആക്രമിക്കപ്പെട്ട കേസ്സിൽ സാക്ഷിയാണ്.
ഈ കേസ്സിൽ ക്വട്ടേഷൻ സംഘത്തിലുൾപ്പെട്ട പ്രതികൾ അറസ്റ്റിലാവുകയും, എറണാകുളം കളമശ്ശേരി സബ് ജയിലിൽ റിമാന്റിൽ കഴിയുമ്പോൾ, മറ്റൊരു ചെക്ക് കേസ്സിൽ അറസ്റ്റിലായ വിപിൻലാൽ മലാങ്കുന്ന് ഈ ജയിലിൽ പ്രതികൾക്കൊപ്പം റിമാന്റ് തടവിലുണ്ടായിരുന്നു. പ്രതികൾക്ക് ജയിലിൽ നിന്ന് കത്തെഴുതാൻ സഹായിച്ചത് വിപിൻലാലാണ്. പിന്നീട് കേസ്സന്വേഷണ സംഘം വിപിൻലാലിനെ നടി ആക്രമിക്കപ്പെട്ട കേസ്സിൽ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
കേസ്സിൽ സാക്ഷി പറയരുെതന്നാവശ്യപ്പെട്ടാണ് ഉന്നത സ്വാധീനമുള്ള പ്രതികൾ വിപിൻലാലിനെ ഫോണിലും, കാസർകോട്ടെത്തിയും ഭീഷണിപ്പെടുത്തിയത്.
കോടതിയിൽ സാക്ഷി പറഞ്ഞാൽ കൊന്നുകളയുമെന്നും, ഭീഷണിപ്പെടുത്തിയെന്നതിന് വിപിൻലാലിന്റെ പരാതിയിൽ ബേക്കൽ പോലീസ് റജിസ്റ്റർ ചെയ്ത കേസ്സിലാണ് പ്രദീപ് കോട്ടത്തലയെ ഇന്ന് പുലർച്ചെ പോലീസ് പ്രതിയുടെ വീട്ടിൽ അറസ്റ്റ് ചെയ്തത്. പ്രദീപ് കോട്ടത്തലയുടെ മുൻകൂർ ജാമ്യ ഹരജി കാസർകോട് ജില്ലാ സെഷൻസ് കോടതി ഇന്നലെ തള്ളിയിരുന്നു. പ്രദീപ് കോട്ടത്തലയെ കഴിഞ്ഞ ദിവസം ബേക്കൽ ഐപി, ഏ. അനിൽകുമാർ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിൽ 4 മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
പ്രദീപ് കോട്ടത്തല നടൻ ഗണേഷ്കുമാർ എംഎൽഏയുടെ സിക്രട്ടറിയാണ്. ഗണേഷ്കുമാറിന്റെ കൊട്ടാരക്കരയിലുള്ള ഓഫീസിലാണ് പ്രദീപ് കോട്ടത്തലയ്ക്ക് ജോലി. മറ്റൊരാളുടെ പേരിൽ സംഘടിപ്പിച്ച സിംകാർഡ് ഉപയോഗിച്ചാണ് പ്രദീപ് കോട്ടത്തല വിപിൻലാലിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. പ്രതി ഭീഷണിക്കത്തും അയച്ചിരുന്നു. അറസ്റ്റിലായ പ്രതിയോടൊപ്പം പോലീസ് സംഘം വാഹനത്തിൽ കൊട്ടാരക്കരയിൽ നിന്ന് ബേക്കലിലേക്ക് പുറപ്പെട്ടു. കാസർകോട് ഐപി, പി. രാജേഷ്, ഏഎസ്ഐ, മനോജ് പൊന്നമ്പാറ, സിപിഒ മാരായ ഡി. രതീഷ്, മുഹമ്മദ് നിയാസ് എന്നിവർ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരമാണ് ഇന്നലെ കൊട്ടാരക്കരയിലെത്തിയത്. പ്രദീപ് കോട്ടത്തലയെ ബേക്കലിൽ ചോദ്യം ചെയ്തശേഷം ഇന്ന് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ത്രേട്ട് കോടതിയിൽ ഹാജരാക്കും.