ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട കേസ്സിൽ നടൻ ഗണേഷ്കുമാർ എംഎൽഏയുടെ സിക്രട്ടറി പ്രദീപ് കോട്ടത്തലയെ പ്രതി ചേർത്തു

ലഭിച്ചത് നിർണ്ണായക വിവരങ്ങൾ ∙ വീണ്ടും ചോദ്യം ചെയ്യും ∙ കോടതിക്ക് റിപ്പോർട്ട് നൽകി

കാഞ്ഞങ്ങാട്: പ്രമുഖ മലയാള ചലച്ചിത്രനടി ആക്രമിക്കപ്പെട്ട കേസ്സിൽ ഗണേഷ്കുമാർ എംഎൽഏയുടെ സിക്രട്ടറി പ്രദീപ്കുമാർ കോട്ടത്തലയെ പ്രതി ചേർക്കും.  നടി ആക്രമണക്കേസ്സിൽ മാപ്പ് സാക്ഷിയായ ബേക്കൽ മലാംകുന്നിലെ വിപിൻ ലാലിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രദീപനെതിരെ ബേക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസ്സ് നടി ആക്രമണക്കേസ്സ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് കൈമാറാനാണ് ബേക്കൽ പോലീസിന്റെ നീക്കം.

നടി ആക്രമണക്കേസ്സിന്റെ തുടർച്ചയായാണ് വിപിൻലാലിന് ഭീഷണിയുണ്ടായത്. നടിയെ ആക്രമിച്ച കേസ്സിൽ പ്രതികളിലൊരാളിൽ പ്രധാനിയായ ചലച്ചിത്രതാരം ദിലീപിനെതിരായി വിപിൻലാൽ, അന്വേഷണ സംഘത്തിന് നൽകിയ കുറ്റസമ്മത മൊഴി കോടതിയിൽ തിരുത്തിപ്പറയാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രദീപ്, വിപിൻലാലിനെ ഭീഷണിപ്പെടുത്തിയത്.  നടി ആക്രമിക്കപ്പെട്ടതിന്റെ തുടർച്ചയായുള്ള കേസ്സാണിതെന്ന് ബേക്കൽ പോലീസ് കോടതിയെ ധരിപ്പിക്കും. കാസർകോട് ജില്ലാ കോടതിയുടെ ഉത്തരവുണ്ടായാൽ, വിപിൻലാൽ പരാതിക്കാരനായ കേസ്സ് പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറും.

കൊല്ലം കോട്ടത്തല സ്വദേശിയായ പ്രദീപ് കുമാറിനെ ഇന്നലെ പകൽ മണിക്കൂറുകളോളം കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിൽ പോലീസ് ചോദ്യം ചെയ്തു.  ആർക്കു വേണ്ടിയാണ് സാക്ഷിയെ കൂറുമാറാൻ പ്രേരിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തിയതെന്ന് വെളിപ്പെടുത്താൻ പ്രദീപ് കോട്ടത്തല തയ്യാറായില്ല. ഡിജിറ്റൽ തെളിവുകൾ നിരത്തി പോലീസിന്റെ ചോദ്യം ചെയ്യലിൽ പല ഘട്ടത്തിലും പ്രദീപന് ഉത്തരം മുട്ടി. കത്തിലൂടെ ഭീഷണിപ്പെടുത്തിയത് കൂടാതെ, സെൽഫോൺ വഴിയും, നേരിട്ടെത്തിയും ഭീഷണിപ്പെടുത്തിയതുൾപ്പടെ പ്രദീപ് പോലീസിനോട് സമ്മതിച്ചു. പോലീസിന്റെ നിരവധി ചോദ്യങ്ങളിൽ നിന്നും പ്രദീപ് ഒഴിഞ്ഞുമാറി.  ആർക്കുവേണ്ടി, ആരുടെ നിർദ്ദേശപ്രകാരമാണ് സാക്ഷിയെ പണം നൽകി സ്വാധീനിക്കാനും, പിന്നീട് ഭീഷണിപ്പെടുത്തിയതുമെന്ന മർമ്മപ്രധാനമായ ചോദ്യങ്ങളോട് പ്രതികരിക്കാൻ പ്രദീപൻ തയ്യാറായില്ല.

ദിലീപിന്റെയോ ഗണേഷ്കുമാറിന്റെയോ പേര് ഒരിടത്തും പരാമർശിച്ചതുമില്ല.
പ്രദീപൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടുകാരായ ചിലരെ അന്വേഷണസംഘം ചോദ്യം ചെയ്യും. കാസർകോട് ജില്ലാക്കോടതി തൽക്കാലം അറസ്റ്റ് വിലക്കിയ സാഹചര്യത്തിൽ, വൈകിട്ട് ചോദ്യം ചെയ്യൽ അവസാനിപ്പിച്ച് പ്രദീപനെ പോലീസ് വിട്ടയച്ചു. വീണ്ടും ചോദ്യം ചെയ്യാൻ പ്രദീപിനെ വിളിപ്പിക്കുമെന്ന് പോലീസ് പറഞ്ഞു. നേരത്തെ മുൻകൂർ ജാമ്യം തേടി ജില്ലാക്കോടതിയെ സമീപിച്ച പ്രദീപനോട് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാൻ നിർദ്ദേശിച്ചതിനെ തുടർന്നാണ് പ്രദീപൻ പോലീസിൽ ഹാജരായത്.  പ്രദീപനെ ചോദ്യം ചെയ്ത ശേഷം, മൊഴിയുൾപ്പടെയുള്ള അന്വേഷണ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കാൻ കോടതി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ പോലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.

പ്രദീപന്റെ മുൻകൂർ ജാമ്യ ഹരജി കോടതി വീണ്ടും പരിഗണിക്കും. പ്രദീപന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ജില്ലാക്കോടതി ബേക്കൽ പോലീസിനോട് വിശദീകരണമാരാഞ്ഞു. പ്രതിക്ക് മുൻകൂർ ജാമ്യം നൽകുന്നതിനെ പോലീസ് കോടതിയിൽ എതിർക്കും. എറണാകുളത്ത് നടി ആക്രമിക്കപ്പെട്ട കേസ്സിന്റെ തുടർച്ചയായുള്ള കേസ്സാണിതെന്ന് പോലീസ് ഇന്ന് ജില്ലാ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും. കോടതി ഇന്ന് പുറപ്പെടുവിക്കുന്ന വിധിയുടെ അടിസ്ഥാനത്തിലായിരിക്കും കേസ്സിൽ പോലീസിന്റെ തുടർ നടപടി.

LatestDaily

Read Previous

കോൺഗ്രസ്സ് നേതാവിന്റെ ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ വൃദ്ധ മുൻകൂർ ജാമ്യം തേടി

Read Next

വോട്ടെടുപ്പ് ബഹിഷ്കരിക്കുമെന്ന് ലീഗ് പ്രവർത്തകർ