നടി ആക്രമണം: സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു

കാഞ്ഞങ്ങാട് : ചലച്ചിത്ര നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ് ബേക്കൽ പോലീസിൽ നിന്നും ക്രൈംബ്രാഞ്ച് സംഘം ഏറ്റെടുത്തു. ബേക്കൽ പോലീസ് ഇതുവരെ നടത്തിയ അന്വേഷണവുമായി ബന്ധപ്പെട്ട മുഴുവൻ കേസ് രേഖകളും ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറിയിട്ടുണ്ട്. നടി ആക്രമണ കേസിലെ മുഖ്യ സാക്ഷികളിലൊരാളായ ബേക്കൽ മലാംകുന്നിലെ വിപിൻ ലാലിെന, നടൻ ദിലീപിന് അനുകൂലമായി മൊഴി മാറ്റുന്നതിന് ഭീഷണിപ്പെടുത്തിയ കേസാണ് ബേക്കൽ പോലീസിൽ നിന്നും കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

കേസന്വേഷണം നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കുന്ന സമയത്താണ് പോലീസിൽ നിന്നും അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് ഉത്തരവ് പുറത്ത് വന്നത്. ഗണേഷ് കുമാർ എംഎൽഏയുടെ ഓഫീസ് സിക്രട്ടറി പ്രദീപ് കോട്ടത്തലയെ കേസിൽ പോലീസ് അറസ്റ്റ് ചെയ്യുകയും പ്രതി റിമാന്റിലാവുകയും ചെയ്തിരുന്നു. വിപിൻ ലാലിനെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിപ്പറയിപ്പിക്കുന്നതിന് വേണ്ടി. പ്രദീപ് കോട്ടത്തലയ്ക്ക് പിന്നിൽ പ്രവർത്തിച്ച പ്രമുഖരിലേക്കുള്ള പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നതിനിടെയായിരുന്നു അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.

ഒരാഴ്ച കസ്റ്റഡിയിൽ ചോദ്യം ചെയ്തിട്ടും പോലീസിനോട് കൂട്ടു പ്രതികളെ സംബന്ധിച്ച വിവരങ്ങൾ പുറത്തു വിടാൻ പ്രദീപ് തയ്യാറായില്ല. പ്രദീപിപ്പോൾ ജാമ്യത്തിലാണ്. ഗണേഷ് കുമാർ എംഎൽഏയുടെ ഓഫീസ് റെയിഡ് ചെയ്ത് ബേക്കൽ പോലീസ് കസ്റ്റഡിയിലെടുത്ത കംപ്യൂട്ടർ ഹാർഡ് ഡിസ്ക്ക് പരിശോധനയ്ക്ക് നൽകിയിട്ടുണ്ടെങ്കിലും, പരിശോധനാ ഫലം പുറത്ത് വന്നിട്ടില്ല.  കേസിൽ വഴിത്തിരിവാകുന്ന നിർണ്ണായക വിവങ്ങൾ കംപ്യൂട്ടർ ഹാർഡ് ഡിസ്കിൽ നിന്നും ലഭിക്കുമെന്ന പ്രതീക്ഷ പോലീസിനുണ്ടായിരുന്നു.

നടി ആക്രമണവുമായി ബന്ധപ്പെട്ട് ബേക്കൽ പോലീസ് റജിസ്റ്റർ ചെയ്ത കേസിന് സമാനമായ മറ്റൊരു കേസ് തൃശ്ശൂരിലും പോലീസ് റജിസ്റ്റർ ചെയ്തിരുന്നു.  തൃശ്ശൂർ പോലീസ് അന്വേഷിച്ച കേസ് പിന്നീട് കോട്ടയം ക്രൈംബ്രാഞ്ചിന് കൈമാറി. ഇതേ സംഘം തന്നെയാണ് ബേക്കൽ പോലീസിന്റെ കേസിലും തുടരന്വേഷണം നടത്തുന്നത്.

LatestDaily

Read Previous

വീട്ടമ്മ കിണറ്റിൽ മരിച്ച നിലയിൽ

Read Next

ലീഗ് നഗരസഭാംഗങ്ങളുടെ രാജി സ്വീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടണം: ഐഎൻഎൽ