ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട കേസിൽ ഗണേശ്കുമാർ എംഎൽഏയുടെ സിക്രട്ടറി പ്രദീപനെ ചോദ്യം ചെയ്തു

ചോദ്യം ചെയ്യൽ കാഞ്ഞങ്ങാട് ഡിവൈഎസ്്പി ഓഫീസിൽ

കാഞ്ഞങ്ങാട്: നടി ആക്രമിക്കപ്പെട്ട കേസിൽ മാപ്പു സാക്ഷിയായ ബേക്കൽ തൃക്കണ്ണാട് മലാംകുന്നിലെ വിപിൻലാലിനെ, മൊഴി മാറ്റിപ്പറയാൻ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി സിനിമാ നടൻ ഗണേഷ്കുമാർ എം. എൽ. ഏ യുടെ സിക്രട്ടറി കോട്ടത്തല പ്രദീപ്കുമാറിനെ ഇന്ന് രാവിലെ പോലീസ് ചോദ്യം ചെയ്തു.

കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിൽ രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ ഏറെ നേരം നീണ്ടു. ഡിവൈഎസ്പി എം.പി.വിനോദിന്റെ നേതൃത്വത്തിൽ ബേക്കൽ പോലീസ് ഇൻസ്പെക്ടർ ഏ. അനിൽകുമാറും ചേർന്നാണ് പ്രദീപ്കുമാറിനെ ചോദ്യം ചെയ്തത്. പ്രദീപൻ ഇതുവരെ നൽകിയ മൊഴി വിവരങ്ങൾ പുറത്തു പറയാൻ പോലീസ് സ്റ്റേഷനിൽ എത്തുന്നതിന് പകരം അന്വേഷണ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം പ്രദീപൻ ഡിവൈഎസ്പി ഓഫീസിലെത്തുകയായിരുന്നു. അതീവ രഹസ്യ സ്വഭാവത്തോടെയാണ് പ്രദീപനെ ചോദ്യം ചെയ്തു വരുന്നത്.

വിപിൻലാലിനെ കൂടാതെ ബേക്കൽ മലാംകുന്നിലുള്ള പ്രദീപ്്ലാലിന്റെ ബന്ധു ജ്വല്ലറി ജീവനക്കാരനെയും പ്രദീപ് ഭീഷണിപ്പെടുത്തിയതിന്റെ ഡിജിറ്റൽ തെളിവ് ബേക്കൽ പോലീസ് അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. പോലീസ് ശേഖരിച്ച് സൂക്ഷിച്ചിട്ടുള്ള തെളിവുകൾ നിരത്തിയാണ് പ്രദീപ്കുമാറിനെ ചോദ്യം ചെയ്തു വരുന്നത് വിപിൻലാലിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ പ്രദീപിനാവില്ല. ഭീഷണിക്ക് പിന്നിൽ താനാണെന്ന് സമ്മതിക്കുക മാത്രമേ പ്രദീപിന് നിലവിൽ മാർഗമുള്ളൂ. 

എറണാകുളത്ത് മലയാള സിനിമയിലെ പ്രമുഖ നടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പ്രദീപ് കോട്ടത്തല പ്രതിയോ, സാക്ഷി പട്ടികയിലുള്ള ആളോ അല്ല. സായിവിപിൻലാലുമായി പ്രദീപിന് മുൻപരിചയമില്ലെന്നിരിക്കെ മറ്റാർക്കോ വേണ്ടിയാണ് പ്രദീപ്കുമാർ വിപിൻലാലിനെ സമീപിച്ചതും ഭീഷണിപ്പെടുത്തിയതുമെന്ന് വ്യക്തം. ആദ്യം മോഹന വാഗ്ദാനങ്ങൾ നൽകുകയും വഴങ്ങാതായതോടെ കത്തുകളിലൂടെയും ഫോൺ വിളിച്ചും ഭീഷണിപ്പെടുത്തി. പോലീസിന് നൽകിയ മൊഴിയിൽ ഉറച്ചു നിന്നതോടെ കോട്ടത്തല പ്രദീപ്് നേരിട്ടെത്തി ഭീഷണിമുഴക്കുകയായിരുന്നു.

പ്രദീപ് ആർക്ക് വേണ്ടിയാണ് വിപിൻലാലിനെ ഭീഷണിപ്പെടുത്തിയതെന്ന് പുറത്തു വരണം. മുൻ മന്ത്രി കൂടിയായ എം. ബി.ഗണേശ്കുമാർ എം. എൽ. ഏ മലയാള ചലച്ചിത്ര ലോകത്ത് അറിയപ്പെടുന്ന നടൻ കൂടിയാണ്. ഗണേശ്കുമാറിന്റെ സിക്രട്ടറിയായ പ്രദീപൻ കേസിൽ ഇടപെടണമെങ്കിൽ, അത് സിനിമ– രാഷ്ട്രീയ രംഗത്തുള്ളവർക്ക് വേണ്ടിയായിരിക്കണമെന്നാണ് പോലീസ് നിഗമനം.

ഇക്കാര്യം പ്രദീപ് സമ്മതിക്കുമെന്ന പ്രതീക്ഷ പോലീസിനില്ല. ചോദ്യം ചെയ്യലിൽ വ്യക്തമായ മറുപടി നൽകാനായില്ലെങ്കിൽ, പ്രദീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനുള്ള നീക്കം അന്വേഷണ സംഘം നടത്തും.മുൻകൂർ ജാമ്യം തേടി കാസർകോട് ജില്ലാ കോടതിയിൽ കോട്ടത്തല പ്രദീപ്് ഫയൽ ചെയ്ത ഹരജി പരിഗണിച്ച കോടതി പ്രദീപന്റെ അറസ്റ്റ് തൽകാലത്തേക്ക് തടഞ്ഞിരുന്നു. കോടതി നിർദ്ദേശമനുസരിച്ച് അന്വേഷണവുമായി പോലീസിനോട് പ്രദീപ് സഹകരിച്ചില്ലെങ്കിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയുടെ അനുമതിയോടെ പ്രദീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ ബേക്കൽ പോലീസ് നീക്കം നടത്തും. കേസ് നീട്ടിക്കൊണ്ട് പോയി അന്വേഷണം വഴി തിരിച്ചു വിടാൻ ചോദ്യം ചെയ്യലിൽ പ്രദീപിന്റെ ഭാഗത്ത് നിന്നും നീക്കമുണ്ടായേക്കുമെന്ന് കരുതുന്നു.

LatestDaily

Read Previous

തർക്ക വാർഡുകളിൽ മുസ് ലീം ലീഗിന് സ്ഥാനാർത്ഥികളായി

Read Next

അമിത രക്തസമ്മർദ്ദം: ഖമറുദ്ദീൻ ആശുപത്രിയിൽ