ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അബുദാബി: നടൻ ജയറാമിന് യുഎഇ ഗോൾഡൻ വിസ അനുവദിച്ചു. അബുദാബിയിൽ നടന്ന ചടങ്ങിൽ സർക്കാർ ഉദ്യോഗസ്ഥർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാറിന്‍റെയും മീഡിയ സെക്രട്ടറി ബിജു കൊട്ടാരത്തിൽ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ 10 വർഷത്തെ വിസയുള്ള എമിറേറ്റ്സ് ഐഡി കാർഡ് ജയറാമിന് കൈമാറി.
ഗോൾഡൻ വിസ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ജയറാം പറഞ്ഞു. 1985ൽ കലാഭവൻ മിമിക്രി സംഘത്തോടൊപ്പമാണ് ആദ്യമായി യുഎഇയിലെത്തിയത്. അതിനുശേഷം, ദൈവത്തിന്‍റെ അനുഗ്രഹത്താലും മലയാളികളുടെ സ്നേഹത്താലും എനിക്ക് നിരവധി തവണ വരാൻ കഴിഞ്ഞു. മലയാളികൾ എപ്പോൾ കണ്ടാലും കലാഭവനിലെ ജയറാമല്ലേ, വരൂ ചായ കുടിക്കാം എന്നു പറഞ്ഞു സ്നേഹം തരാറുണ്ട്. ആ സ്നേഹം ഇപ്പോഴും തുടരുന്നു. എം എ യൂസഫലി ഏഴ് മാസം മുമ്പ് യു.എ.ഇ ഗോൾഡൻ വിസയിലേക്ക് എന്നെ ക്ഷണിച്ചിരുന്നു. പക്ഷേ, പല കാരണങ്ങൾ കൊണ്ട് വരാൻ പറ്റിയില്ല. ഇപ്പോൾ 37 വർഷങ്ങൾക്ക് ശേഷമാണ് യുഎഇയുടെ ബഹുമതി നേടിയിരിക്കുന്നത്. ഇത് സംഘടിപ്പിച്ചതിന് എം.എ യൂസഫലിക്കും പ്രവാസി മലയാളികൾക്കും നന്ദി അറിയിക്കുന്നു.
വിവിധ മേഖലകളിലെ പ്രതിഭകൾക്കും നിക്ഷേപകർക്കും ബിസിനസുകാർക്കുമാണ് യുഎഇ ഗോൾഡൻ വിസ വാഗ്ദാനം ചെയ്യുന്നത്. കാലാവധി പൂർത്തിയാകുമ്പോൾ ഇത് പുതുക്കി നല്‍കും. മമ്മൂട്ടിക്കും മോഹൻലാലിനുമാണ് സിനിമാ മേഖലയിൽ ആദ്യമായി ഗോൾഡൻ വിസ ലഭിച്ചത്. തുടർന്ന് നിരവധി മലയാളം, ഹിന്ദി താരങ്ങൾക്ക് ഗോൾഡൻ വിസ നൽകി. ഗോൾഡൻ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ യു.എ.ഇ സർക്കാർ അടുത്തിടെ ഇളവ് പ്രഖ്യാപിച്ചിരുന്നു.