‘സ്വീകരിക്കൂ അല്ലെങ്കിൽ വിട്ട് പോകൂ; സ്വകാര്യത നയം യൂസർമാരിൽ വാട്സ്ആപ്പ് അടിച്ചേൽപ്പിക്കുന്നു’

ന്യൂഡല്‍ഹി: ‘സ്വീകരിക്കൂ അല്ലെങ്കിൽ ഉപേക്ഷിക്കൂ’ എന്ന അവസ്ഥയിൽ ഉപയോക്താക്കളെ കൊണ്ടെത്തിക്കുന്നതാണ് വാട്സ്ആപ്പിന്റെ 2021ലെ സ്വകാര്യത നയമെന്നും ഏതു തിരഞ്ഞെടുക്കണമെന്നതിൽ ഒരു മരീചിക മുന്നോട്ടുവെച്ച് അവരെ നിർബന്ധിക്കുകയാണെന്നും ഡൽഹി ഹൈക്കോടതി. ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ച് കമ്പനിയുടെ നയം ഉപയോക്താക്കളെക്കൊണ്ട് അംഗീകരിപ്പിക്കുകയും, ശേഷം അവരുടെ നിർണായക വ്യക്തിവിവരങ്ങൾ മാതൃകമ്പനിയായ ഫേസ്ബുക്കുമായി പങ്കുവെക്കുകയും ചെയ്യുകയാണ് വാട്സ്ആപ്പ് ചെയ്യുന്നതെന്നും കോടതി കുറ്റപ്പെടുത്തി.

2021ലെ സ്വകാര്യത നയം സംബന്ധിച്ച് അന്വേഷണം നടത്താൻ ഉത്തരവിട്ട കോംപെറ്റിഷൻ കമീഷൻ ഓഫ് ഇന്ത്യ (സി.സി.ഐ)യുടെ ഉത്തരവിനെതിരെ വാട്സ്ആപ്പും ഫേസ്ബുക്കും സമർപ്പിച്ച അപ്പീൽ തള്ളിയാണ് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച് കടുത്ത പരാമർശങ്ങൾ നടത്തിയത്. നേരത്തേ ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി സിംഗ്ൾ ബെഞ്ച് എടുത്ത തീരുമാനം യുക്തിസഹമാണെന്നും അതു ശരിവെക്കുകയാണെന്നും ഡിവിഷൻ ബെഞ്ച് വിധിന്യായത്തിൽ വ്യക്തമാക്കി. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞവർഷം ജനുവരിയിലാണ് സി.സി.ഐ അന്വേഷണത്തിന് തീരുമാനിച്ചത്.

2002ലെ കോംപെറ്റിഷൻ ആക്ടിന്റെ പ്രത്യക്ഷ ലംഘനം ഉണ്ടായിട്ടുണ്ടെന്ന സി.സി.ഐയുടെ വിലയിരുത്തൽ ശരിയാണെന്നു പറഞ്ഞ ഡിവിഷൻ ബെഞ്ച്, വാട്സ്ആപ്പിൽ ഇത്ര വലിയ ഡേറ്റ കേന്ദ്രീകരിക്കുന്നത് മത്സരക്ഷമത സംബന്ധിച്ച് നിരവധി ആശങ്കകൾ ഉയർത്തുന്നുവെന്നും പറഞ്ഞു.

K editor

Read Previous

ഇന്ത്യയുടെ കരുതൽ ധന​ശേഖരം ഇടിഞ്ഞു

Read Next

ജസ്റ്റിസ് യു.യു ലളിത് ഇന്ത്യയുടെ 49ആം ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റു